സഞ്ചാരസാഹിത്യത്തില്‍ പുതിയ അടയാളപ്പെടുത്തലായി ഷിജുഖാന്റെ ധാക്കാ എക്സ്പ്രസ്

ഡി.വൈ.എഫ്.ഐ(DYFI) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുമായ ഡോ.ഷിജൂഖാന്‍(Dr. Shiju Khan) രചിച്ച ബംഗ്ലാദേശ് യാത്രാ വിവരണം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. പ്രശസ്ത നോവലിസ്റ്റ് കെ പി രാമനുണ്ണി, പൊതുപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ജയദേവന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സഞ്ചാരസാഹിത്യ മേഖലയിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലും സവിശേഷ രാഷ്ട്രീയ പ്രാധാന്യവുമുള്ള പുസ്തകമാണ് ഡോ.ഷിജൂഖാന്റെ ധാക്കാ എക്സ്പ്രസ് –
കെ പി രാമനുണ്ണി പറഞ്ഞു.

ചരിത്രപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും ഒരു ജനതയെ മനസ്സിലാക്കേണ്ടത് എങ്ങനെ എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ കൃതി. വിനോദ സഞ്ചാര പരിപാടികളിലും അത്തരം ഓഫീസുകളിലും ധാക്കാ എക്സ്പ്രസ് വാങ്ങി വയ്ക്കാവുന്നതാണ്. കാരണം, തിന്നാനും കുടിക്കാനും പണമുണ്ടാക്കുവാനും അവനവന്റെ ആനന്ദത്തിനും വേണ്ടി നടത്തുന്ന ഇന്നത്തെ ചില വിനോദയാത്രകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണിത്. ഈ പുസ്തകം കൂടുതല്‍ വായിക്കപ്പെടേണ്ടതുണ്ട്. ധാക്കയിലെ പ്രകൃതിരമണീയത ഒപ്പിയെടുക്കലോ, സ്വാദിഷ്ടമായ വിഭവങ്ങള്‍ നുണയലോ ആയിരുന്നില്ല ഷിജൂഖാന്റെ സഞ്ചാര ലക്ഷ്യം .മറിച്ച് ചരിത്രത്തിലൂടെ സഞ്ചരിച്ച്, സഹജീവികളുടെ വേദനയും വിമ്മിഷ്ടവും രേഖപ്പെടുത്തലായിരുന്നു. ബംഗ്ലാദേശ് ജനത കടന്നുപോയ ചരിത്രപരമായ ദുര്‍ഘടതകളെ വിലയിരുത്തുകയാണ്. എങ്ങനെയാണ് ബംഗ്ലാദേശ് ജനത മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍, തങ്ങളുടെ കേവല സ്വതന്ത്ര്യത്തിനപ്പുറം സത്തയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിച്ചത് എന്ന കാര്യം പുസ്തകം വ്യക്തമാക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട തങ്ങളുടെ ഭാഷയെ കൈവിടുകയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ധാക്ക യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും സാധാരണ ജനങ്ങളും ഒത്തുകൂടിയപ്പോള്‍ ഐതിഹാസികമായ മാതൃഭാഷാ സമരമായി അതു മാറി. ലോകത്ത് ഭാഷയ്ക്ക് വേണ്ടി രക്തസാക്ഷികളുണ്ടായി. ലോകം ആ ദിവസത്തെ ,ഐതിഹാസിക ചരിത്രത്തെ (ഫെബ്രുവരി 21 ) ലോക മാതൃഭാഷാ ദിനമായി വാഴ്ത്തി. ഇഎംഎസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി ‘എന്ന പുസ്തകത്തില്‍ ഭാഷയുടെ പ്രാധാന്യം എടുത്ത് പറഞ്ഞിട്ടുണ്ട്. ഓരോ മനുഷ്യന്റെയും ഉണ്‍മയുടെ ഇരിപ്പിടം അവന്റെ ഭാഷയാണ് എന്നുമോര്‍ക്കണം.

ഇന്ന് മതവും ജാതിയും വംശവുമെല്ലാം സംസ്‌കാരത്തെ നിര്‍ണയിക്കുവാനുള്ള പ്രതിലോമകരമായ ശ്രമം നടത്തുകയാണ്. എന്നാല്‍ സംസ്‌കാരത്തിന്റെയും ദേശീയതയുടെയും ശരിയായ നിര്‍ണയം എങ്ങനെ വേണമെന്ന് ചരിത്രത്തിലൂടെ ,ഭാഷയിലൂടെ , സമരത്തിലൂടെ ബംഗ്ലാദേശിലെ ജനത കാണിച്ചു കൊടുത്തിട്ടുണ്ട്. ബംഗാളി പറയുന്നവരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു അവിടെ . മതത്തിന്റെ പേരില്‍ രൂപം കൊണ്ട ഒരു രാഷ്ട്രം (പാക്കിസ്ഥാന്‍) പിന്നീട് ദുര്‍ബലമായി എന്ന് കാണാം. ബംഗ്ലാവിമോചന സമരത്തെ തുടര്‍ന്നാണ് ബംഗ്ലാദേശ് ഉദയം കൊണ്ടത്. ആ ചരിത്രത്തെ ,വിമ്മിഷ്ട ജനകമായ പഴയ കാലത്തെ രേഖപ്പെടുത്തിയ കൃതിയാണ്. ഒരു നാടു കാണുക എന്നാല്‍ അതിന്റെ ചരിത്രത്തിലൂടെയും ജനതയുടെ ഹൃദയത്തിലൂടെയുമുള്ള യാത്രയാണ് ,സഞ്ചാരിയുടെ പരകായ പ്രവേശമാണ് .ഇവിടെ അത് സാധ്യമാകുന്നു .പുരോഗമന പ്രസ്ഥാനത്തിന്റെ ഒരു മുഖമാണ് ഷിജൂഖാന്‍ .അങ്ങനെ പടയാളിയായി വന്നിട്ടുള്ള ഒരാള്‍ക്ക് പട വെട്ടുന്നവന്റെ വിഷമവും വികാരവും മനസ്സിലാക്കാന്‍ കഴിയും .ആ പുരോഗമന ചിന്ത കൊണ്ടാണ് ‘ധാക്കാ എക്സ്പ്രസ്സി’ല്‍ ബംഗ്ലാദേശിന്റെ ഹൃദയസ്പന്ദനം തൊട്ടറിയാന്‍ അദ്ദേഹത്തിന് കഴിയുന്നത്- കെ പി രാമനുണ്ണി കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ മാസ് സംഘടനയുടെ മുന്‍ പ്രസിഡന്റ് അമീര്‍ കല്ലുമ്പുറം മോഡറേറ്ററായി.പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ആര്‍ പി മുരളി , ഷാര്‍ജ മാസ് സെക്രട്ടറി ബി കെ മനു, പ്രസിഡന്റ് താലിബ്, ഷാര്‍ജ മാസ് സംഘടന നേതാക്കളായ ശ്രീപ്രകാശ്, പി കെ ഹമീദ്,
എഴുത്തുകാരികളായ പി ശ്രീകല,ഹണി ഭാസ്‌കര്‍,അബുദാബി ‘ശക്തി’ സംഘടന നേതാവായ വീരന്‍കുട്ടി,ദുബായ് ‘ഓര്‍മ്മ ‘ സംഘടനാ നേതാക്കളായ രാകേഷ് മാട്ടുമ്മല്‍ , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി അനീഷ്(ബാലരാമപുരം) എന്നിവര്‍ പങ്കെടുത്തു.ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘ധാക്ക എക്സ്പ്രസ്-അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ ‘ എന്ന കൃതിയുടെ വില 120 രൂപയാണ്.ഇതിഹാസ് അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ചരിത്ര പൈതൃക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ബംഗ്ലാദേശിലെത്തിയപ്പോഴുള്ള അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ബംഗ്ലാദേശില്‍ നടന്ന ഭാഷാ പ്രക്ഷോഭം , ബംഗാളി സംസാരിക്കുന്ന കിഴക്കന്‍ പാക്കിസ്ഥാന്‍ ജനതയ്ക്ക് നേരെ പാക്ക് ഭരണകൂടം അഴിച്ചുവിട്ട അക്രമണം വംശഹത്യ, ബംഗ്ലാദേശ് വിമോചന സമരം, ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം, ബംഗ്ലാദേശ് രൂപീകരണവും അതില്‍ ഇന്ത്യ വഹിച്ച പങ്കും, വിമോചന സമരനായകനായ ശൈഖ് മുജീബുര്‍ റഹ്മാന്റെ ജീവിതം, ഇന്ത്യാ-ബംഗ്ലാദേശ് സൗഹൃദം തുടങ്ങിയ വിഷയങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ബംഗ്ലാദേശിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകമാണ് . പ്രമുഖ പുസ്തക സ്റ്റാളുകളിലും എല്ലാ ദേശാഭിമാനി ബുക്ക് ഹൗസിലും പുസ്തകം ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here