KSRTC: കെഎസ്ആര്‍ടിസിയുടെ പറക്കുംതളിക മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍

കെഎസ്ആര്‍ടിസിയുടെ(KSRTC) പറക്കുംതളികയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീണു. ഞായറാഴ്ച പകലാണ് കോതമംഗലത്ത് നിന്നും അടിമാലി ഇരുമ്പുപാലത്തെ വിവാഹ വീട്ടിലേക്ക് ദിലീപ് ചിത്രമായ പറക്കും തളികയിലെ താമരാക്ഷന്‍ പിള്ള ബസ്സിനെ അനുസ്മരിപ്പിക്കും വിധം മരച്ചില്ലകള്‍ വച്ച് അലങ്കരിച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയത്.

കോതമംഗലം ഡിപ്പോയിലെ ആര്‍പിസി 114 നമ്പര്‍ (കെഎല്‍ 15 എ 728) നമ്പര്‍ ബസ് ആണ് വിവാഹപാര്‍ടി വാടകയ്ക്ക് എടുത്തത്. ബസ്സിന്റെ ഇരുവശങ്ങളിലും പുറകിലും മരച്ചിലുകള്‍ പുറത്തേക്ക് തള്ളിനിക്കുംവിധം കെട്ടിവച്ചു. മുന്നില്‍ കെഎസ്ആര്‍ടിസിക്ക് പകരം താമരാക്ഷന്‍ പിള്ള എന്ന പേരും ഒട്ടിച്ചു.

ഇതോടെ കെഎസ്ആര്‍ടിസി സിനിമയിലെ പറക്കുംതളികയായി മാറി. ആഘോഷങ്ങള്‍ അതിര് കടന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടു. വിവാഹഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സര്‍വീസിന് അയക്കരുതെന്ന് കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോ അധികൃതരോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സര്‍വീസ് നടത്തുന്നത് എംവിഡി തടഞ്ഞത്.

ഡ്രൈവറോട് ബുധന്‍ പകല്‍ കോതമംഗലത്ത് ഓഫീസില്‍ ഹാജരാകാന്‍ ജോയിന്റ് അര്‍ടിഒ നിര്‍ദേശം നല്‍കി.ഡ്രൈവര്‍ എ എന്‍ റഷീദിനെതിരെ ഗതാഗതവകുപ്പ് കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലിമായി സസ്പെന്‍ഡ് ചെയ്യുമെന്നും വകുപ്പ് അറിയിച്ചു. കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സര്‍വീസ് നടത്തിയത്.കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുന്‍പ് രമേശ് എന്നയാളെത്തി കല്യാണഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകള്‍ വച്ചുകെട്ടുകയായിരുന്നു. ബ്രസീല്‍, അര്‍ജന്റീന പതാകകളും ബസിന് മുന്നില്‍ കെട്ടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചില പൊതുപ്രവര്‍ത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോര്‍ വാഹന വകുപ്പിനും ദൃശ്യങ്ങള്‍ കൈമാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here