ADVERTISEMENT
ഐക്യരാഷ്ട്ര സംഘടനയുടെ 27-ാമത് വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27) ഈജിപ്തിലെ തെക്കന്‍ സിനായ് ഉപദ്വീപിയ മേഖലയിലെ തീരമുനമ്പായ ഷ്രം അല്‍ഷെയ്കില്‍ തുടക്കമായി. ആഗോള താപനം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് ഉത്തരവാദികളായ ധനിക രാജ്യങ്ങള്‍ പാരിസ്ഥിതികകെടുതികള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമോ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. ആദ്യമായാണ് ഇക്കാര്യം കാലാവസ്ഥ ഉച്ചകോടിയില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്.
പ്രകൃതിദുരന്തങ്ങള്‍ വര്‍ധിക്കുന്നതിന്റെ മുഖ്യകാരണം ധനികരാജ്യങ്ങള്‍ ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ പുറന്തള്ളുന്നതാണെന്നും കെടുതി അനുഭവിക്കേണ്ടിവരുന്നവിഭാ?ഗത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വികസ്വര രാജ്യങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഗ്ലാസ്‌കോ ഉച്ചകോടിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷയം ഉന്നയിച്ചെങ്കിലും വന്‍കിട രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറായല്ല. എന്നാല്‍ ഇക്കുറി വിഷയം അജന്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരകളോടുള്ള ഐക്യദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സിഒപി 27 പ്രസിഡന്റ് സമേഹ് ഷൗക്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 120ല്‍ അധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ വരുംദിവസങ്ങളില്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സംസാരിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുക്കുന്നില്ല. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിക്കുന്നത്. ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ 40,000-ത്തിലധികംപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം നിരവധി ആളുകളെ ബാധിക്കുകയും പരിഹാരത്തിനായി കോടിക്കണക്കിന് രൂപ ചെലവാക്കുകയും ചെയ്യേണ്ടിവരുന്നതിനാല്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ലോകമാകെ ആവശ്യമുയരുന്നുണ്ട്. പത്തുവര്‍ഷത്തിനുള്ളില്‍ ആഗോളതാപനം വന്‍തോതില്‍ വര്‍ധിച്ചതായും ഇതിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതാപനം കുറയ്ക്കുമെന്ന പാരീസ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിലും ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷ. റഷ്യ–ഉക്രൈന്‍ സംഘര്‍മുണ്ടാക്കിയ ഇന്ധനക്ഷാമവും ചര്‍ച്ചയാകും . 18ന് സമാപിക്കും.
2026-ല്‍ പസഫിക് രാജ്യങ്ങളുമായി ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ കാലാവസ്ഥ, ഊര്‍ജ മന്ത്രി ക്രിസ് ബോവന്‍ പറഞ്ഞു.
സമുദ്രനിരപ്പ് ഉയരുന്നത് അതിവേഗം
കടല്‍ക്കയറ്റവും ആഗോളതാപനവും എക്കാലത്തേക്കാളും ഉയര്‍ന്ന നിലയിലാണെന്ന് ലോക കാലാവസ്ഥ സംഘടന. ഈജിപ്തില്‍ ഉച്ചകോടിയിലാണ് യുഎന്‍ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇരട്ടിയിലധികമാണ് കടല്‍നിരപ്പ് ഉയരുന്നതെന്നും 2020ല്‍ ഇത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും ആഗോള കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നേരത്തേ വര്‍ഷം 2.1 മില്ലിമീറ്റര്‍ വീതം ഉയര്‍ന്നിരുന്ന കടല്‍ നിലവില്‍ അഞ്ച് മില്ലിമീറ്റര്‍ വീതമാണ് ഉയരുന്നത്. ആഗോളതാപനം കാരണം ഐസ് ഉരുകുന്നതാണ് സമുദ്രനിരപ്പ് ഉയരാന്‍ കാരണം. 1971നെ അപേക്ഷിച്ച് കഴിഞ്ഞ 15 വര്‍ഷമായി 67 ശതമാനം വേഗത്തിലാണ് ചൂട് കൂടുന്നത്. ലോകത്തിലെ മഞ്ഞുപാളികള്‍ ക്രമാതീതമായി കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ലോക കാലാവസ്ഥാ റിപ്പോര്‍ട്ട് കാലാവസ്ഥ അരാജകത്വത്തിന്റെ ചിത്രമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ധനസഹായത്തില്‍ ഊന്നാന്‍ ഇന്ത്യ
വികസ്വര രാജ്യങ്ങള്‍ക്കുള്ള കാലാവസ്ഥാ ധനസഹായം ഉറപ്പാക്കുംവിധം ഉച്ചകോടിയില്‍ ഇടപെടുക എന്നതിനാണ് ഇന്ത്യ ഉച്ചകോടിയില്‍ ഊന്നല്‍ നല്‍കുന്നത്.ആഗോളതാപനം കുറയ്ക്കുന്നതിനുള്ള നടപടിക്ക് വികസിത രാജ്യങ്ങള്‍ 10,000 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. 2020 ആകുമ്പോഴേക്കും പണം നല്‍കുമെന്നായിരുന്നു വ്യവസ്ഥ. കണക്ക് പ്രകാരം വികസ്വര രാജ്യങ്ങളിലെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി വികസിത രാജ്യങ്ങള്‍ നല്‍കുന്നതും സമാഹരിച്ചതുമായ ധനസഹായം 2020ല്‍ 8300 ഡോളറാണ്. ഇന്ത്യയില്‍ 2030ന് അകം ഊര്‍ജ്ജോത്പാദനത്തിന്റെ പകുതിയോളം പുനരുപയോഗ ഊര്‍ജസ്രോതസ്സുകളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ഇന്ത്യക്ക് ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് (ജിസിഎഫ്) വലിയ രീതിയില്‍ ലഭ്യമാകേണ്ടതുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.