ആഫ്രിക്കന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇത്തവണത്തെ ഏക ഇന്ത്യന്‍ ചിത്രമായി സബാഷ് ചന്ദ്രബോസ്

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി സി അഭിലാഷ് സംവിധാനം നിര്‍വഹിച്ച സബാഷ് ചന്ദ്രബോസ് പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയി(AFRIFF)ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 9 ന് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. ഇത്തവണ നൈജീരിയയിലെ ലാഗോസ് നഗരത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളില്‍ ഒന്നാണ്.

ഇന്ത്യയില്‍ നിന്നു ഈ വര്‍ഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു പഴയകാല കളര്‍ ടെലിവിഷനുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പ്രതികൂല സാഹചര്യത്തിലും തീയറ്ററില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം കഴിഞ്ഞദിവസം ഓ.ടി.ടി പ്രദര്‍ശനത്തിനും എത്തി. ആമസോണ്‍ പ്രൈം ആണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങള്‍ നേടുന്ന ചിത്രം തമിഴ് സിനിമയില്‍ സംഭവിച്ച ന്യൂ വേവ് വിന്റേജ് ഗ്രാമീണ ചിത്രങ്ങളുടെ മോഡലിന് മലയാളത്തിലും തുടക്കമിടുകയാണ്. ഈ വര്‍ഷത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളില്‍ സംവിധാന മികവിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.സബാഷ് ചന്ദ്രബോസ് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. എണ്‍പതുകളിലെ കേരളീയ ജീവിതത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയ ചിത്രത്തിന് റിലീസ് സമയത്ത് നിറഞ്ഞ കയ്യടികളോടെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

ഉണ്ണികൃഷ്ണന്‍ ജോണി ആന്റണി കോംബോ കൂട്ടുകെട്ടിന്റെ നാട്ടിന്‍പുറ നന്മകളാല്‍ നിറഞ്ഞ തമാശകളും ജാഫര്‍ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് എന്നിവരുടെ അനിതരസാധാരണമായ അഭിനയ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ജോളി ലോനപ്പനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സജിത്ത് പുരുഷന്‍ ക്യാമറ. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതവും സ്റ്റീഫന്‍ മാത്യ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം അധികം വൈകാതെ ടെലിവിഷനിലും എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here