Democracy: ഈ ഗെറ്റ് ഔട്ട് ജനാധിപത്യത്തിനോ?

ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍! കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan) തന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മാധ്യമങ്ങളുടെ നേര്‍ക്ക് ധാര്‍ഷ്ട്യത്തോടെ പറഞ്ഞ വാക്കുകളാണിവ. കൈരളി ന്യൂസിനോടും(Kairali News) മീഡിയ വണ്‍ ചാനലിനോടും(Media One) പ്രതികരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ് അലറുകയായിരുന്നു അദ്ദേഹം. കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ ഇറക്കി വിട്ടു.

രാജ്ഭവനില്‍നിന്നുള്ള അറിയിപ്പ് അനുസരിച്ച് മെയില്‍ അയച്ച് അനുമതി ലഭിച്ചശേഷമാണ് കൈരളിയടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നത്. ‘കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം. ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകും’, എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്.

വിളിച്ചു വരുത്തി അപമാനിയ്ക്കുകയായിരുന്നു ഗവര്‍ണറുടെ ഉദ്ദേശം. സാധാരണ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുമ്പോഴാണ് പലരും അസ്വസ്ഥരാകാറ്. അപ്പോള്‍പ്പോലും ചോദ്യം ചോദിയ്ക്കുന്ന മാധ്യമപ്രവര്‍ത്തകനെ ആരും ഇറക്കി വിടാറില്ല. ഏകാധിപത്യപരമായ നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ അങ്ങേയറ്റം നീതികേടാണ് കാണിച്ചതെന്ന് പറയാതെ വയ്യ. കൈരളിയുടെ മൈക്കോ ലോഗോയോ കാണുമ്പോഴേ കലി എന്നതായിരുന്നു ഗവര്‍ണറുടെ സമീപനം.

യഥാര്‍ത്ഥത്തില്‍, ജനാധിപത്യത്തിന് നേരെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗെറ്റ് ഔട്ട് പറഞ്ഞത്. തീര്‍ത്തും അസാധാരണമായ പെരുമാറ്റത്തിലൂടെ ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിയ്ക്കുകയും സ്വന്തം പദവിയുടെ വില കളയുകയുമാണ് അദ്ദേഹം ചെയ്യുന്നത്. കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ അതിനെല്ലാം എങ്ങനെ ഇടങ്കോലിടാമെന്ന് ചിന്തിക്കുന്ന ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കുന്നത് ദിവാസ്വപ്നം കണ്ടു നടക്കുകയാണ്.

നിലവിലുള്ള വിദ്യാഭ്യാസത്തിന്റെ സിലബസ് കാവിവത്കരിക്കാമെന്ന അദ്ദേഹത്തിന്റെ മോഹം നടക്കാത്തതിലുള്ള അമര്‍ഷമാണ് ഇന്ന് ഈ കാണിയ്ക്കുന്ന പേക്കൂത്തുകളെല്ലാം. ജനാധിപത്യത്തിന് വേണ്ടി ശബ്ദിയ്ക്കുന്ന കൈരളിയടക്കമുള്ള മാധ്യമങ്ങളുടെ മുന്നില്‍ ആരിഫ് മുഹമ്മദ് ഖാന് അടി പതറും. അപ്പോള്‍, ആര്‍എസ്എസ് അജണ്ടകള്‍ വിളിച്ചു പറയുന്നതിന് മുന്‍പ് നീതിയ്ക്ക് വേണ്ടി ശബ്ദിയ്ക്കുന്നവരെ ഒഴിവാക്കാതെ പറ്റില്ലല്ലോ. ഏതായാലും, ജനാധിപത്യത്തിന് പൂട്ട് വീഴുന്നിടത്തെല്ലാം ചോദ്യശരങ്ങളുമായി കൈരളി എന്നും മുന്നിലുണ്ടാകും, അനീതിയ്ക്കെതിരെ പോരാട്ടം തുടര്‍ന്നുകൊണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News