തടവിലാക്കപ്പെട്ട മലയാളികൾ ഉള്ള കപ്പൽ നൈജീരിയക്ക് കൈമാറും | Nigeria

സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട മലയാളികൾ ഉള്ള കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ അറിയിച്ചു. കപ്പൽ കൈമാറുമെന്ന് അറിയിച്ച് എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്.

പതിനാറ് ഇന്ത്യക്കാർ ഉൾപ്പെടുന്ന ഹീറോയിക് ഇഡുൻ കപ്പലിന്റെ തൊട്ടടുത്ത് നൈജീരിയൻ നാവികസേന കപ്പൽ രണ്ട് ദിവസമായിട്ടുണ്ട്. ഏത് നിമിഷവും കപ്പൽ കസ്റ്റഡിയിൽ എടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നതാണ് കപ്പലിലെ ജീവനക്കാരുടെ ആശങ്ക. ഇതിന് പിന്നാലെ എക്വറ്റോറിയൽ ഗിനി വൈസ് പ്രസിന്റ് ടെഡി ൻഗ്വേമ കപ്പൽ കൈമാറുമെന്ന് ട്വീറ്റും ചെയ്തു.

നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഈ കൈമാറ്റം. ക്രൂഡ് ഓയിൽ മോഷണം അടക്കമുള്ള ആരോപണമാണ് നൈജീരിയ കപ്പലിനെതിരെ ഉന്നയിക്കുന്നത്.

അതേസമയം, ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് സിപിഐഎം എംപിമാർ വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. വി ശിവദാസൻ, എഎ റഹീം എന്നിവരാണ് മോചനത്തിനായി ഇടപെടൽ നടത്തിയത്.

വിഷയത്തിൽ നൈജീരിയയുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് വിദേശകാരമന്ത്രാലയത്തിന്റെ പ്രതികരണം. അടുത്ത ആഴ്ചയോടെ കപ്പൽ ജീവനക്കാർ എക്വറ്റോറിയൽ ഗിനിയയുടെ തടവിൽ ആയിട്ട് മൂന്ന് മാസം പിന്നിടും. സ്ത്രീധനപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്.

ഇക്വിറ്റോറിയൽ ഗിനിയയിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ തടവിലായ സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇക്വിറ്റോറിയൽ ഗിനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു .തടവിലായവരെ മോചിപ്പിക്കാനായി ഇടപെടൽ ഊർജിതമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കഴിഞ്ഞദിവസം എ എ റഹീം എംപി അയച്ച കത്തിനാണ് ട്വിറ്ററിലൂടെ എംബസി മറുപടി അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News