ADVERTISEMENT
വിവിധ ആവശ്യങ്ങൾക്കായി കോർപറേഷനിൽ വരുന്നവരെ പ്രതിഷേധത്തിന്റെ പേരിൽ തടയുന്നത് നിർഭാഗ്യകരമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. സാധാരണക്കാരും പാവപ്പെട്ടവരുമായ സ്‌ത്രീകളും വിദ്യാർഥികളും പ്രതീക്ഷയോടെ കോർപറേഷൻ ഓഫീസിലെത്തുമ്പോൾ അവരെ ആക്രമിച്ചും ഭയപ്പെടുത്തിയും ഓടിക്കുന്നത് മനുഷ്യത്വ രഹിതമാണ്.
കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയിട്ടും ബിജെപി –യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. എതിരാളികളുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും നൈരാശ്യത്തിന്റെ ഭാഗമാണ് കോർപറേഷനും തനിക്കുമെതിരെയുള്ള അപവാദ പ്രചാരണങ്ങളെന്നും ജനങ്ങൾ ഇത് തള്ളിക്കളയുമെന്നും മേയർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടുനൽകിയാണ് എൽഡിഎഫ് കോർപറേഷനിൽ വീണ്ടും അധികാരത്തിലെത്തിയത്. മേയറായി സത്യപ്രതിജ്ഞ ചെയ്‌ത നിമിഷം മുതൽ തുടങ്ങിയതാണ് തനിക്കെതിരെ വ്യക്തിഹത്യ. കോർപറേഷനെതിരെ വ്യാജആരോപണങ്ങൾ ഉന്നയിച്ച് ഭരണ നിർവഹണം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടായി. ആറ്റുകാൽ പൊങ്കാല മുതൽ സോണൽ ഓഫീസ് കേന്ദ്രീകരിച്ചുള്ള ക്രമക്കേടുവരെ ഇതിന് കരുവാക്കി.
ക്രമക്കേട് കണ്ടെത്തിയതും നടപടി സ്വീകരിച്ചതും മറച്ചായിരുന്നു പ്രചാരണം. യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതോടെ ഈ നീക്കം പൊളിഞ്ഞു. ‘നഗരസഭ ജനങ്ങളിലേക്ക്’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഇടപെടലുകളെ എല്ലാവരും പ്രശംസിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി എല്ലാ വാർഡുകളിലും ജനങ്ങളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും മേയർ ആര്യ രാജേന്ദ്രൻ അഭ്യർഥിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.