ഗവര്‍ണറുടെ നടപടി കേരളത്തിന് അപമാനം: ഡോ വി ശിവദാസന്‍ എം പി

ഗവര്‍ണറുടെ പത്രസമ്മേളനത്തില്‍ നിന്നും കൈരളി, മീഡിയാ വണ്‍ എന്നീ ചാനലുകളെ ഇറക്കിവിട്ടത് അദ്ദേഹത്തിന്റെ നീതിബോധമില്ലായ്മയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് വി ശിവദാസന്‍ എം പി. ജനാധിപത്യ കേരളത്തിന് അപമാനകരമായ വിധത്തിലാണ് കേരളത്തിന്റെ ഗവര്‍ണര്‍ നാള്‍ക്കുനാള്‍ പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗവര്‍ണറുടെ നടപടി കേരളത്തിന് അപമാനം.

ജനാധിപത്യ കേരളത്തിന് അപമാനകരമായ വിധത്തിലാണ് കേരളത്തിന്റെ ഗവര്‍ണര്‍ നാള്‍ക്കുനാള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ ചുമതല വഹിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത കാര്യമാണിത്. അതോടൊപ്പം കേരള സമൂഹം സ്വീകരിച്ചുപോരുന്ന ജനാധിപത്യ രീതികളെ തിരസ്‌കരിക്കുന്ന പെരുമാറ്റവുമാണിത്. ഇത്തരം രീതികളിലൂടെ ഗവര്‍ണര്‍ താന്‍ കേരളത്തിന്റെ ജനാധിപത്യ രീതികളോട് നീതി പുലര്‍ത്താന്‍ കഴിയാത്തയാളാണെന്ന് വിളിച്ചു പറയുകയാണ്. ആര്‍എസ്എസ് കാരനായാല്‍ ഏത് നെറികേടുമാവാമെന്ന ധാരണ ജനാധിപത്യ കേരളം വകവച്ചുതരില്ല. അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് നിരന്തരം ഭരണഘടനാ മുല്യങ്ങള്‍ പിച്ചിചീന്തുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹം സ്വയം രാജിവെക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യന്‍ പ്രസിഡണ്ട് ഗവര്‍ണറെ തിരിച്ചു വിളിക്കണം.
ഗവര്‍ണര്‍ ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികളിലൂടെ ആര്‍.എസ്.എസ്സിന്റെ പരമാവധി പ്രീതി പിടിച്ചുപറ്റുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നത് വ്യക്തമായതാണ്. അത് അദ്ദേഹത്തിന്റെ ഓരോ നടപടിയില്‍ നിന്നും വ്യക്തമാണ്.

ഗവര്‍ണറുടെ പത്രസമ്മേളനത്തില്‍ നിന്നും കൈരളി, മീഡിയാ വണ്‍ എന്നീ ചാനലുകളെ ഇറക്കിവിട്ടത് അദ്ദേഹത്തിന്റെ നീതിബോധമില്ലായ്മയുടെ ഒടുവിലത്തെ ഉദാഹരണമാണ്. കത്ത് കൊടുത്ത് ക്ഷണിച്ചു വരുത്തിയതിന് ശേഷം ഇറക്കി വിട്ടത്തിലൂടെ ആര്‍.എസ്.എസ്സിന്റെ പ്രീതിയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നത് വ്യക്തമാണ്. അതിന് ശേഷം ഒരുപടി കൂടി കടന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേരള സര്‍ക്കാരിനെയും അതിന്റെ തലവനായ മുഖ്യമന്ത്രിയെയും തെരുവ് ഗുണ്ടയുടെ ഭാഷയില്‍ അധിക്ഷേപിക്കാനാണ് അദ്ദേഹം മുതിര്‍ന്നത്. ഇതിലൂടെ, ആര്‍എസ്എസ് പ്രീതിക്കായി ഏത് നിലയിലേക്കും തരം താഴാന്‍ തനിക്ക് മടിയില്ല എന്ന് തെളിയിക്കുകയാണ് അദ്ദേഹം.

ഔദ്യോഗിക ചുമതല വഹിച്ചുകൊണ്ട് ഒരു വിഭാഗം മാധ്യങ്ങളെ അകാരണമായി പുറത്ത് നിര്‍ത്തിയത്തിലൂടെ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ് ഗവര്‍ണര്‍ ചെയ്തത്. ഇത് പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ജനാധിപത്യ വാദികള്‍ സമൂഹം ഒന്നടങ്കം രംഗത്ത് വരണം. അതോടൊപ്പം, ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകയും വേണം.
-വി ശിവദാസന്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News