ഗവർണർ ഇതുവരെ മെനഞ്ഞു കൂട്ടിയത് മുഴുവൻ കള്ളക്കഥ ; കെ ജി ബിജുവിന്റെ കുറിപ്പ് വൈറൽ

ഗവർണർ ഇതുവരെ മെനഞ്ഞു കൂട്ടിയത് മുഴുവൻ കള്ളക്കഥ ആണെന്നും , ഇനി പറയാൻ പോകുന്നതും ഒരുപക്ഷെ കള്ളക്കഥകൾ ആയിരിക്കുമെന്നും ചൂണ്ടിക്കാട്ടി കെ ജി ബിജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറൽ ആവുകയാണിപ്പോൾ . പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ .

ഗവർണറുടെ അഡീഷണൽ പിഎ ആയി ചുമതലയേറ്റ ശേഷം ജന്മഭൂമിക്കാരൻ ഹരി എസ് കർത്ത ആദ്യം ചെയ്തത് എന്തായിരിക്കും?
സംശയം വേണ്ട. ആർഎസ്എസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഗവർണറെ ചേർത്തു. ജ്യോത്സ്യൻ മുഹൂർത്തം കുറിച്ച സമയത്ത് ആ ഗ്രൂപ്പിൽ പ്രചരിക്കുന്ന നുണകൾ ഗവർണറുടെ നാവിലൂടെ ഔദ്യോഗിക വിസർജ്യമായി പുറത്തു വന്നു തുടങ്ങി.
സ്വർണക്കള്ളക്കടത്തും സ്വപ്നയുടെ പുസ്തകവുമൊക്കെ ആ തിരക്കഥയുടെ ഒന്നാം എപ്പിസോഡായിരുന്നു. ഇന്ന് അജിത് ഡോവലിന്റെ റിവോൾവർ വീരസ്യം.
ജന്മഭൂമിയും ജനം ടിവിയും കർമ്മാ ന്യൂസും വീക്ഷണവും പ്രചരപ്പിക്കുന്ന ഇത്തരം നുണകൾ ഓരോന്നായി ഇനി ആരിഫ് മുഹമ്മദ് ഖാന്റെ നാവിൽ നിന്ന് കേൾക്കാം.
സാക്ഷാൽ അജിത് ഡോവലാണ് ഗവർണർ പരാമർശിക്കുന്ന യുവ ഐപിഎസ് ഓഫീസർ. തലശേരി കലാപകാലത്ത് പിണറായി വിജയനെ അജിത് ഡോവൽ പിടികൂടിയെന്നും തലയ്ക്കു നേരെ റിവോൾവർ ചൂണ്ടിയെന്നുമാണ് കഥ.
ഈ കഥയുടെ ഉറവിടം എവിടെയാണ്? അജിത് ഡോവൽ ഇങ്ങനെയൊരു സംഭവം എവിടെയും പറഞ്ഞിട്ടില്ല. 2020 വരെ ഈ കഥ ആരും കേട്ടിട്ടുമില്ല. കെ സുധാകരന്റെയോ വത്സൻ തില്ലങ്കേരിയുടെയോ ഭാവനയിൽ ഈ കഥയുണ്ടായിരുന്നില്ല. പിന്നെങ്ങനെ….?
ഈ കഥ രചിക്കപ്പെട്ടത് ഹിന്ദിയിലാണ്. 2020 ജൂലൈ 12ന് സുരേഷ് ആര്യ എന്ന ഫേസ് ബുക്ക് പ്രൊഫൈലിൽ ഒരു കഥ പ്രത്യക്ഷപ്പെട്ടു. (ചിത്രം ഒന്ന്)
1972 ജനുവരി 4ന് തലശേരി കലാപത്തിൽ കുഞ്ഞിരാമൻ എന്ന ഹിന്ദു കൊല്ലപ്പെട്ടുവെന്നും രണ്ടുദിവസം മുമ്പ് ചാർജെടുത്ത ഇരുപത്തഞ്ചു വയസുള്ള ഒരു ഐപിഎസുകാരൻ എഎസ്പി സംഭവ സ്ഥലത്തെത്തി വിജയൻ കോരൻ എന്നയാളെ പിടി കൂടിയെന്നുമൊക്കെയാണ് കഥയിലെ വിവരണം.
ഒട്ടും വൈകാതെ ഈ കഥ മലയാളത്തിലേയ്ക്ക് മാറ്റി ആർഎസ്എസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടു. ഒരമ്മയുടെ വയറ്റിൽപ്പിറന്ന മക്കളായതുകൊണ്ട് പിറ്റേദിവസം തന്നെ കഥ വീക്ഷണവും പ്രസിദ്ധീകരിച്ചു. (ചിത്രം രണ്ട്)
ഒരു വ്യത്യാസമുണ്ടായിരുന്നു. ഹിന്ദുവായ കുഞ്ഞിരാമനെ കൊന്ന വിജയന്റെ കഥ മലയാളം വേർഷനിൽ ഒഴിവാക്കി. കുഞ്ഞിരാമൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നുവെന്നും കൊന്നത് ആർഎസ്എസുകാരായിരുന്നു എന്നും കേരളത്തിനറിയാം. അതുകൊണ്ട് പദാനുപദ തർജമ വേണ്ടെന്നു വെച്ചു. അജിത് ഡോവൽ ചുമതലയേറ്റ് രണ്ടു ദിവസത്തിനകം വിജയനെ പിടിച്ചുവെന്നേ മലയാളം കഥയിലുള്ളൂ. എന്നാൽ ചിലതൊക്കെ വിട്ടുപോകാതെ തർജമിക്കുകയും ചെയ്തു.
ഉദാഹരണത്തിന് उसने एक हाथ से गर्दन पकड़ ली और उसे दीवार में लगे एक खूँटे पर टांगकर भरपूर सेवा की। എന്ന് ഹിന്ദിയിൽ. ലോക്കപ്പിൽ പ്രവേശിച്ച വിജയനെ ഒരു കൈകൊണ്ട് എസ് പി കഴുത്തിൽ പിടിച്ച് ദുർബലമായ ശരീരം നിലത്തുനിന്ന് ഒരടിയോളം ഉയർത്തിയെന്ന് പരിഭാഷ. ഈ വാട്സാപ്പ് കഥയാണ് ഒരുളുപ്പുമില്ലാതെ ഗവർണർ ഇന്ന് പത്രസമ്മേളനത്തിൽ വിസർജിച്ചത്.
ഈ കഥ പച്ചക്കള്ളമാണ് എന്ന് മനസിലാക്കാൻ വിഷമമൊന്നുമില്ല. ഹിന്ദിയിലെ ഒറിജിനൽ കഥയിലെ കുഞ്ഞിരാമൻ കൊലപാതകം മലയാള പരിഭാഷയിലില്ല എന്നത് ഒന്നാമത്തെ തെളിവ്. രണ്ട്, വിജയൻ കോരൻ എന്നാണ് പിണറായി വിജയനെ ഹിന്ദി കഥയിൽ പരാമർശിക്കുന്നത്. അതും മലയാളത്തിൽ നിന്ന് ഒഴിവാക്കി. ഒരുകാലത്തും പിണറായി വിജയൻ ആപേരിൽ അറിയപ്പെട്ടിരുന്നില്ല എന്ന് പരിഭാഷപ്പെടുത്തിയവർക്കു തന്നെ അറിയാമായിരുന്നു.
തലശേരി കലാപം നടക്കുന്ന കാലത്ത് പിണറായി വിജയൻ കൂത്തു പറമ്പ് എംഎൽഎ ആയിരുന്നു. കലാപം തടയാനും കള്ളക്കഥകൾ തുറന്നു കാണിക്കാനും സിപിഎം നടത്തിയ ശ്രമങ്ങൾ വിതയത്തൽ കമ്മിഷൻ തന്നെ പറഞ്ഞിട്ടുണ്ട്. കമ്മിഷനോട് സിപിഎമ്മിനെതിരെ സംസാരിച്ചവർ പോലും ഇത്തരമൊരു ആരോപണം പറഞ്ഞിട്ടില്ല.
വീക്ഷണവും ജന്മഭൂമിയും ജനം ടിവിയും കർമ്മ ന്യൂസുമൊക്കെ ആവുമ്പോലെ ശ്രമിച്ചിട്ടും ആർഎസ്എസുകാരുടെയും കോൺഗ്രസുകാരുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ ആവർത്തിച്ചു പ്രചരിപ്പിച്ചിട്ടും അജിത് ഡോവൽ പിണറായി വിജയനെ അറസ്റ്റു ചെയ്ത കഥയ്ക്ക് കേരളത്തിൽ വേണ്ടത്ര സ്വീകാര്യത കിട്ടിയിട്ടില്ല.

ഇനിയിപ്പോൾ ഹരി എസ് കർത്തായുടെ ടിപ്പണിയിൽ ആരിഫ് മുഹമ്മദ് ഖാൻ ഇക്കഥ ഛർദ്ദിച്ചാലും മറിച്ചാവില്ല ഫലം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News