ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിന് കൈമാറണം ; എജിയുടെ നിയമോപദേശം

പാറശാല ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം. എജിയാണ് നിയമോപദേശം നൽകിയത്. ഡിജിപി ഓഫീസിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് എജിയുടെ നിയമോപദേശം. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാന നിയമോപദേശമാണ് നൽകിയത്.

കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ  അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകി കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചത്. എന്നാൽ കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്.

ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്നാണ് ഷാരോണിന്റെ കുടുംബം പറയുന്നത്. അതിനിടെ, കേസിലെ പ്രധാന പ്രതിയായ ​ഗ്രീഷ്മയേയും കൊണ്ടുള്ള തെളിവെടുപ്പ് ഇന്നും തുടരും. ഷാരോണിനൊപ്പം ​ഗ്രീഷ്മ താമസിച്ചതായി പറയുന്ന റിസോർട്ടിൽ ഉൾപ്പെടെയാണ് തെളിവെടുപ്പ്.

തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം ​ഗ്രീഷ്മയും ഷാരോണും താമസിച്ചിരുന്നതായാണ് സൂചന. ഗ്രീഷ്മയെ തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകളാണ് ലഭിച്ചിരുന്നു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here