14 കുരുന്നുകളുടെ ജീവൻ കവർന്ന മൂന്നാർ തൂക്കുപാലം ദുരന്തത്തിന് 38 വയസ്

ഹെലികോപ്റ്റർ കാണാൻ കൗതുകം പൂണ്ട് ക്ലാസ് മുറിക്ക് പുറത്തേക്ക് ഓടിയ 14 കുരുന്നുകളുടെ ജീവൻ കവർന്ന മൂന്നാർ തൂക്കുപാലം ദുരന്തത്തിന് 38 വയസ് പിന്നിട്ടു. മുതിരപ്പുഴയാറിനെ  കണ്ണീർപ്പുഴയാക്കിയ ദുരന്തം ഉൾക്കിടിലത്തോടെ മാത്രമേ നാടിന് ഓർത്തെടുക്കാനാകൂ.

ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അന്നത്തെ വിദ്യാർഥികളുടെ ഓർമകളിൽ ഇന്നും മുതിരപ്പുഴയാറിൽ പിടഞ്ഞുവീണ മൂന്നാർ ഗവ. ഹൈസ്കൂളിലെ സഹപാഠികളുടെ നിലവിളിയുടെ മുഴക്കമുണ്ട്.

1984 നവംബർ ഏഴിനായിരുന്നു ഇടുക്കിയെ നടുക്കിയ തൂക്കുപാലം  ദുരന്തം. ഇന്ദിരാഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട പൊതു അവധിയെത്തു നാട്ടിൽ പോയ ചില അധ്യാപകർ മടങ്ങിയെത്താത്തതിനാൽ ഏതാനും ക്ലാസുകളിൽ ആദ്യ പിരിയഡ് പഠനമുണ്ടായില്ല.

ഇതിനിടെയാണ് ഹെലികോപ്റ്റർ താഴ്ന്നുപറക്കുന്നത് ക്ലാസിലിരുന്ന ചില കുട്ടികൾ കണ്ടത്. ഹൈറേഞ്ച് ക്ലബ് മൈതാന ത്തിറങ്ങിയ നാവികസേനയുടെ ഹെലികോപ്ടർ കാണാൻ കുട്ടികൾ കൂട്ടത്തോടെ ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങിയോടി. ക്ലബ്ബിനെ ബന്ധിപ്പിച്ചിരുന്ന തൂക്കുപാലത്തിലൂടെ കുറെ കുട്ടികൾ മൈതാനത്തെത്തി.

കൂടുതൽ കുട്ടികൾ പാലത്തിന്റെ  മറുവശത്തുനിന്ന് വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാവാതെ പാലം തകർന്നു. പുഴയിൽ വീണ 24 കുട്ടികളെ രക്ഷാപ്രവർത്തകർ കരക്കെത്തിച്ചെങ്കിലും 14 പേർ മരണപ്പെട്ടു. 1942ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതായിരുന്നു പാലം.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുരുന്നുകൾക്കായി മൂന്നാറിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദുരന്തസ്ഥലത്തിന് സമീപത്തെ വിദ്യാർഥി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News