പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ച; കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ചര്‍ച്ച പുരോഗമിക്കുന്നു. ചര്‍ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഭരതന്നൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.

നവംബര്‍ 18 ന് കുട്ടികളുടെ ചര്‍ച്ച നടത്തുമെന്നും ഇതിനായി പ്രവൃത്തി ദിവസം ഒരു പിരീഡ് മാറ്റിവയ്ക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2025-26 ല്‍ എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകം നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു

’48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമാകുകയാണ്. ഇത് ലോകത്ത് തന്നെ ആദ്യമാണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികളില്‍ ചര്‍ച്ച നടക്കും. കുട്ടികള്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.

ഈ അഭിപ്രായങ്ങള്‍ സ്‌കൂള്‍തലത്തിലും ബി ആര്‍ സി തലത്തിലും ക്രോഡീകരിച്ചതിനു ശേഷം എസ് സി ഇ ആര്‍ ടിക്ക് കൈമാറും. ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ ക്രമം ആഗോളതലത്തില്‍ പരിഗണിക്കപ്പെടുന്ന കാലമാണ്. അതിന്റെ പുതിയ മാറ്റങ്ങളോട് സജീവമായി സംവദിക്കാന്‍ ശേഷിയുള്ള പാഠ്യപദ്ധതി അനിവാര്യമാണ്. അതിനായുള്ള പുതിയ ചുവടുവെപ്പ് എന്ന നിലയില്‍ വേണം പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കുട്ടികളുടെ ചര്‍ച്ചകളെ കാണാന്‍’- മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here