സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രമേള നാളെ മുതൽ | Science fair

രണ്ടുവർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമെത്തുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊച്ചി നഗരത്തിലെ സ്‌കൂളുകൾ. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നുമായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ എത്തുമെന്നാണു പ്രതീക്ഷ.

വ്യാഴാഴ്ച്ച രാവിലെ 9 ന് എറണാകുളം എസ്ആർവി സ്‌കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു പതാക ഉയർത്തുന്നതോടെ മേളയ്‌ക്ക്‌ തുടക്കമാകും.

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്‌ച രാവിലെ 10.30 ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും.

എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ, എംഎൽഎമാരായ കെ ജെ മാക്‌സി, അനൂപ് ജേക്കബ്, കെ എൻ ഉണ്ണികൃഷ്‌ണൻ, കെ ബാബു, പി വി ശ്രീനിജിൻ, റോജി എം ജോൺ, ഉമ തോമസ്, എൽദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കലക്‌ടർ ഡോ. രേണുരാജ് എന്നിവർ മുഖ്യാതിഥികളാകും.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത്, കൗൺസിലർ സുധ ദിലീപ്, സ്റ്റേറ്റ് സെന്റർ ഫോർ എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ്‌സിഇ‌ആർടി) ഡയറക്‌ടർ ആർ കെ ജയപ്രകാശ്, സർവ്വ ശിക്ഷ കേരള (എസ്എസ്കെ) ഡയറക്‌ടർ എ ആർ സുപ്രിയ, കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (എസ്ഐഇടി) ഡയറക്‌ടർ ഇൻ ചാർജ് ബി അനുരാജ്, പൊതു വിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻബാബു തുടങ്ങിയവർ പങ്കെടുക്കും.

മേളയുടെ ആദ്യ ദിനമായ ബുധനാഴ്‌ച രജിസ്‌ട്രേഷൻ മാത്രമായിരിക്കും. ശാസ്‌ത്രം, സാമൂഹ്യ ശാസ്‌ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്‌ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങൾ. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, തേവര സേക്രട്ട് ഹാർട്ട് എച്ച്എസ്എസ്, എറണാകുളം എസ്ആർവി എച്ച്എസ്എസ്, എറണാകുളം ദാറുൽ ഉലൂം എച്ച്.എസ്.എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, എറണാകുളം സെന്റ് ആൽബർട്‌സ് എച്ച്.എസ്.എസ് എന്നിങ്ങനെ ആറു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

സെന്റ് ആൽബർട്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ആണ് ശാസ്‌ത്രമേളയ്‌ക്കു വേദിയാകുന്നത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂൾ ഗണിത ശാസ്‌ത്രമേളയ്‌ക്കും എറണാകുളം ദാറുൽ ഉലൂം എച്ച്.എസ്.എസ് സാമൂഹ്യശാസ്‌ത്രമേളയ്‌ക്കും വേദിയാകും. ഐ.ടി മേള നടക്കുന്നത് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. എറണാകുളം എസ്.ആർ.വി എച്ച്.എസ്.എസ് വൊക്കേഷണൽ എക്‌സ്‌പോ, കരിയർ സെമിനാർ, തൊഴിൽമേള എന്നിവയ്‌ക്ക് വേദിയാകും.

പെരുമാനൂർ സെന്റ് തോമസ് സ്‌കൂൾ, എറണാകുളം സെന്റ് തെരേസാസ് സ്‌കൂൾ, എറണാകുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഇടപ്പള്ളി പയസ് ഹൈസ്‌കൂൾ, പെരുമാനൂർ സി.സി.പി.എൽ.എം, തൃക്കനാർവട്ടം എസ്.എൻ സ്‌കൂൾ, ചാത്തിയത്ത് സെന്റ് ജോസഫ് ഹൈസ്‌കൂൾ, ചാത്തിയത്ത് എൽ.എം.സി.സി സ്‌കൂൾ, എളമക്കര ഗവ.സ്‌കൂൾ, ഇടപ്പള്ളി ഗവ.സ്‌കൂൾ, കലൂർ സെന്റ്.അഗസ്റ്റിൻ സ്‌കൂൾ എന്നിവിടങ്ങളിലാണു പെൺകുട്ടികൾക്കു താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഇരുന്നൂറോളം ജീവനക്കാരാണ് 17 കമ്മിറ്റികളിലായി സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ നടത്തിപ്പിൽ പങ്കാളികളാകുന്നത്. ഇതിനു പുറമെ വിദ്യാർത്ഥികളും സേവനസജ്ജരായി വേദികളിലുണ്ടാകും.

മത്സരത്തിനെത്തുന്ന വിദ്യാർത്ഥികൾക്കായി ഭക്ഷണം ഒരുക്കുന്നത് ഗവ. ഗേൾസ് ഹൈസ്‌കൂളിലെ കലവറയിലായിരിക്കും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണയും ശാസ്‌ത്രോത്സവത്തിനു സദ്യ ഒരുക്കുന്നത്. മത്സരാർഥികൾ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ജിസിഡിഎ, കൊച്ചി കോർപറേഷൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും.

പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. മത്സര ശേഷമുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി 200 കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കും. കൊച്ചി കോർപറേഷന്റെ സഹായത്തോടെ മാലിന്യങ്ങൾ തരംതിരിച്ച ശേഷം നിർമാർജ്ജനം ചെയ്യും.

ശനിയാഴ്‌ച(നവംബർ 12) ശാസ്ത്രമേള സമാപിക്കും. വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എ മാരായ അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി. നാഗരാജു എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും. ശാസ്ത്രമേളയുടെ സുവനീർ പ്രകാശനം ജെബി മേത്തർ എം. പി നിർവഹിക്കും. മേളയുടെ ലോഗോ തയ്യാറാക്കിയ വ്യക്തിയെ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ അൻസിയ ആദരിക്കും.

കൊച്ചി കോർപറേഷൻ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ്, കൗൺസിലർമാരായ പത്മജ എസ്. മേനോൻ, മനു ജേക്കബ്, പൊതു വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ എം. കെ ഷൈൻ മോൻ, വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ കരീം, വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, സ്വീകരണ കമ്മിറ്റി കൺവീനർ എം ജോസഫ് വർഗീസ് തുടങ്ങിയവർ സംസാരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News