ADVERTISEMENT
ഗിനിയയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികസംഘത്തിന്റെ മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇക്വറ്റോറിയല്‍ ഗിനിയയിലെ ഇന്ത്യന്‍ നാവികസംഘത്തിന്റെ മോചനത്തിനായി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 16 ഇന്ത്യക്കാരുള്‍പ്പെടെ 26 പേരടങ്ങുന്ന മൊത്തം ജീവനക്കാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും, 16 ഇന്ത്യന്‍ നാവികരില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് പേരെ കുറിച്ചും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിച്ചു. MT Heroic Idun എന്ന നോര്‍വീജിയന്‍ കപ്പല്‍ 2022 ഓഗസ്റ്റ് 12 നാണു അന്താരാഷ്ട്ര സമുദ്രത്തില്‍ വച്ച് ഇക്വറ്റോറിയല്‍ ഗിനിയ നാവികസേനയുടെ കപ്പല്‍ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 14 മുതല്‍ കപ്പല്‍ നിയമവിരുദ്ധമായി പിടിച്ച് വെച്ചിരിക്കുകയാണ്. കപ്പല്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും, നാവികരെ നേരത്തെ മോചിപ്പിക്കുന്നതിന് ഷിപ്പിംഗ് കമ്പനി പിഴ അടയ്ക്കാന്‍ തയ്യാറായി. നൈജീരിയന്‍ അധികൃതരുമായും ഷിപ്പിംഗ് കമ്പനിയുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ഷിപ്പിംഗ് കമ്പനി 2022 സെപ്റ്റംബര്‍ 28-ന് ആവശ്യമായ പിഴ അടക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, ക്രൂവും കപ്പലും ഇന്നും ഇക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലാണ്. എല്ലാ അന്വേഷണങ്ങളും പൂര്‍ത്തിയാക്കി ആവശ്യമായ പിഴ അടച്ചിട്ടും മോചനത്തിനുള്ള കാലതാമസമാണ് അവരെ ആശങ്കയിലാഴ്ത്തുന്നത് എന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മോചനം വൈകുന്നത് ക്രൂ അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത തുറമുഖത്ത് തുടരുന്നത് അവരുടെ ജീവന് തന്നെ അപകടമാണെന്നും കത്തില്‍ പറയുന്നു. കപ്പലിനെയും അതിലെ ക്രൂ അംഗങ്ങളെയും ഉടന്‍ മോചിപ്പിക്കുന്നതിന് മുന്‍കൈയെടുക്കാനും മോചനം സുഗമമാക്കാനും ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.