ADVERTISEMENT
(Suryakumar Yadav)സൂര്യകുമാര്‍ യാദവിന് ഏത് പന്തെറിയണം? ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ വ്യാഴാഴ്ച ഇന്ത്യയെ നേരിടുന്ന ഇംഗ്ലണ്ടിനെ കുഴപ്പിക്കുന്ന ഏക കാര്യം ഇതാണ്. സൂര്യകുമാറിന് ഏതുവിധത്തില്‍ പന്തെറിയണം എന്നത്. ‘360 ഡിഗ്രി ബാറ്റര്‍’ എന്നാണ് സൂര്യയ്ക്കുള്ള പുതിയ വിശേഷണം. മൈതാനത്തിന്റെ എല്ലാ വശങ്ങളിലും അനായാസം പന്തടിക്കും. ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളും ആ ശേഖരത്തിലുണ്ട്. യോര്‍ക്കറോ, ഇന്‍ സ്വിങ്ങറോ, ഔട്ട് സ്വിങ്ങറോ..പന്ത് ഏതായാലും മുപ്പത്തിരണ്ടുകാരന് പ്രശ്നമല്ല.
ലോകകപ്പില്‍ വിരാട് കോഹ്ലിക്കൊപ്പം ഇന്ത്യ ആശ്രയിച്ചത് സൂര്യകുമാറിന്റെ ബാറ്റിനെയാണ്. അഞ്ച് കളിയില്‍ നേടിയത് 225 റണ്‍. 193.97 ആണ് പ്രഹരശേഷി. റണ്‍വേട്ടക്കാരില്‍ മൂന്നാമന്‍. കോഹ്ലിയാണ് (246) ഒന്നാമത്. പാകിസ്ഥാനെതിരെ ആദ്യ കളിയില്‍ 15 റണ്‍ മാത്രമായിരുന്നു സൂര്യയുടെ സമ്പാദ്യം. എന്നാല്‍, അടുത്ത മത്സരങ്ങളില്‍ തനിനിറം കാട്ടി. നെതര്‍ലന്‍ഡ്സിനെതിരെ 25 പന്തില്‍ 51, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 40 പന്തില്‍ 68, ബംഗ്ലാദേശിനെതിരെ 16 പന്തില്‍ 30, സിംബാബ്വെക്കെതിരെ 25 പന്തില്‍ 61 -ഇങ്ങനെയാണ് സ്‌കോറുകള്‍. പേസര്‍മാര്‍ക്കെതിരെയും സ്പിന്നര്‍മാര്‍ക്കെതിരെയും ഒരുപോലെ മിന്നി. ഇടതുവശം മാത്രം കേന്ദ്രീകരിച്ച് വമ്പനടിക്ക് തയ്യാറെടുക്കുന്ന ബാറ്ററല്ല സൂര്യ. വലതുഭാഗത്തേക്ക് വരുന്ന പന്തുകളെയും കണക്കിന് ശിക്ഷിക്കും.
‘ഓരോ കളി കഴിയുംതോറും അവിശ്വസനീയമായാണ് സൂര്യകുമാര്‍ മെച്ചപ്പെടുന്നത്. പന്ത് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് അയാള്‍ അതിനെ നിരീക്ഷിക്കുന്നത്. ഉടന്‍തന്നെ ഏത് ഷോട്ട് വേണമെന്ന് തീരുമാനിക്കും. പാദങ്ങളും കൈക്കുഴയും അനായാസം ചലിപ്പിക്കും. ഇതാണ് ഇത്രയും വൈവിധ്യത്തോടെ അനായാസം റണ്‍ കണ്ടെത്താന്‍ സഹായിക്കുന്നത്’–മുന്‍ ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍ ഡബ്ല്യു വി രാമന്‍ പറയുന്നു. ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍കൂടിയാണ് മുംബൈക്കാരന്‍. ഫൈനല്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ സൂര്യകുമാര്‍തന്നെയാണ് ഇന്ത്യയുടെ വെളിച്ചം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.