Mumbai: മഹാരാഷ്ട്രയില്‍ ഒറ്റപ്പെട്ട് കഴിയുന്ന വയോധികരായ മലയാളി കുടുംബത്തിന് ജന്മനാട്ടില്‍ വീടൊരുങ്ങുന്നു

മഹാരാഷ്ട്രയിലെ വാങ്കണി എന്ന ഉള്‍ഗ്രാമത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന നാലു പേരടങ്ങുന്ന വയോധികരായ മലയാളി കുടുംബത്തിന് ജന്മനാട്ടില്‍ സ്വന്തമായൊരു വീടൊരുങ്ങുന്നു. ഇതിനായി ഒരു സ്പോണ്‍സര്‍ മുന്നോട്ട് വന്നതോടെയാണ് ഇവര്‍ക്കായി കേരളത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കുവാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നത്.

മഹാരാഷ്ട്രയിലെ വാങ്കണി എന്ന ഉള്‍ഗ്രാമത്തില്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിയില്‍ കഴിഞ്ഞിരുന്ന വയോധികരായ മലയാളി കുടുംബത്തിന്റെ ദുരിതകഥ മൂന്ന് മാസം മുന്‍പാണ് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ന്ന് ഇവര്‍ക്ക് താല്‍ക്കാലിക സഹായങ്ങളുമായി മുംബൈയിലെ വിവിധ സംഘടനകളും മലയാളി സമാജങ്ങളും സാമൂഹിക പ്രവര്‍ത്തകരും മുന്നോട്ട് വന്നത് വൃദ്ധ ദമ്പതികള്‍ക്ക് വലിയ ആശ്വാസമായി.

ഇതോടെ പുതുജീവിതം കിട്ടിയ സമാധാനത്തിലാണ് ജീവിത സായാഹ്നത്തിലെത്തിയ നാലു പേരടങ്ങുന്ന മലയാളി കുടുംബം.

94 വയസ്സായ പത്മനാഭ പിള്ളയും, 88 വയസ്സായ സരോജിനി അമ്മയും 77 വയസ്സായ നാരായണന്‍ നായരും 65 വയസ്സായ സുശീലയും അടങ്ങുന്ന കുടുംബം വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടതോടെയാണ് കല്യാണിലെ വാല്‍ധുനിയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെക്ക് ഉടുതുണി മാത്രമായി അഭയം തേടിയത്.

ആശുപത്രിയില്‍ സഹായിയായി ജോലി ചെയ്തിരുന്ന സുശീലയുടെ തുച്ഛമായ ശമ്പളത്തിലായിരുന്നു കുടുംബം പോറ്റിയിരുന്നത് . കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെ വരുമാനവും നിലച്ചു. ഇവര്‍ക്ക് മക്കളില്ല. സുശീലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്രായമായ ഭര്‍ത്താവും മാതാപിതാക്കളും വരുമാന മാര്‍ഗങ്ങള്‍ നിലച്ചതോടെ വിധിയെ പഴിച്ച് കഴിയുമ്പോഴാണ് മാധ്യമ വാര്‍ത്ത ഇവരെ തുണച്ചത്.

കെയര്‍ ഫോര്‍ മുംബൈ മുന്‍കൈ എടുത്താണ് ദയനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന നിര്‍ധന കുടുംബത്തെ സുരക്ഷിതമായ ഒരു ഫ്‌ലാറ്റിലേക്ക് പുനരധിവസിപ്പിച്ചത്. ഫ്‌ലാറ്റിന്റെ ഡെപ്പോസിറ്റും ഒരു വര്‍ഷത്തെ വാടകയും നല്‍കിയാണ് സന്നദ്ധ സംഘടന കുടുംബത്തിന് കൈത്താങ്ങായത്.

പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു ഉള്‍ഗ്രാമത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന വയോധിക കുടുംബത്തെ ജന്മനാട്ടിലേക്ക് പുനരധിവസിപ്പിക്കുവാനും ശിഷ്ടജീവിതം സുരക്ഷിതമാക്കാനുമുള്ള നടപടികളാണ് ഏകോപിപ്പിക്കുന്നത്. ഇതിനായി പ്രവാസി ക്ഷേമ വകുപ്പിന്റെയും നോര്‍ക്കയുടെയും സഹായം തേടുമെന്ന് മുംബൈയിലെ സന്നദ്ധ സംഘടനയായ കെയര്‍ ഫോര്‍ മുംബൈ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News