Sathyan Mash:നടന വിസ്മയം സത്യന്‍ മാഷിന് ഇന്ന് പിറന്നാള്‍…

ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാള്‍, താരപദവികള്‍ക്കപ്പുറം നടന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തി. സിദ്ധി കൊണ്ട്, തനിമ കൊണ്ട്, പുതുമകൊണ്ട് സ്വന്തമായ ഇരിപ്പിടങ്ങള്‍ നേടിയെടുത്ത നടന്‍. ഇങ്ങനെ നീളുന്നു മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാളായ സത്യന്റെ(Sathyan Mash) വിശേഷണങ്ങള്‍. അഴകുള്ള ആകാരം കൊണ്ടല്ല, തന്റെ പുരുഷമായവ്യക്തിത്വവും, ചടുലമായ ഭാവങ്ങളും കൊണ്ട് പ്രേക്ഷക പ്രിയങ്കരനായി മാറിയ സത്യന്റെ നൂറ്റെട്ടാം ജന്മദിനമാണ്.

1911 നവംബര്‍ 9ന് ആലപ്പുഴയില്‍ തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തില്‍ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് ജനനം. മാനുവേല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ നാടകങ്ങളിലൂടെ ആയിരുന്നു സിനിമയിലെത്തിയത്. ആദ്യചിത്രം ‘ത്യാഗസീമ’ വെളിച്ചം കണ്ടില്ലെങ്കിലും 1952 ല്‍ നാല്‍പതാം വയസില്‍ ആത്മസഖിയിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. നീലക്കുയിലിലെ പ്രകടനം സത്യനേശനെ മലയാളിയുടെ പ്രിയങ്കരനാക്കി. ഒരു സിനിമാ നടന്‍ അല്ലെങ്കില്‍ നായകനടന്‍ എന്ന നിലയില്‍ ഒട്ടേറെ പരിമിതികളുള്ള ആളായിരുന്നു സത്യന്‍. നിറം, രൂപം, ഉയരം, സൗന്ദര്യം, പ്രായം തുടങ്ങി പ്രതികൂലഘടകങ്ങള്‍ പലതായിരുന്നു. ശാരീരികമായി ആകര്‍ഷം ഒന്നും അവകാശപ്പെടാനില്ലാതിരുന്നിട്ടും എല്ലാറ്റിനെയും വെല്ലുന്ന അഭിനയപാടവം കൊണ്ടാണ് സത്യന്‍ മലയാളത്തിന്റെ പ്രിയനടനായി മാറിയത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷം തന്നെ (1969) ഏറ്റവും മികച്ച നടനുളള അവാര്‍ഡ് നേടി. മലയാള സിനിമ ചരിത്രത്തില്‍ നാഴികക്കല്ലായ ചെമ്മീനിലെ പളനിയെ മലയാളികള്‍ അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. തച്ചോളി ഒതേനനിലെ ഒതേനന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, ഓടിയില്‍ നിന്നിലെ പപ്പു. വാഴ്വേമായത്തിലെ സൂധീന്ദ്രന്‍ ഈ കഥാപാത്രങ്ങളിലൂടെ സത്യന്റെ പ്രതാപം ഇന്നും മലയാളത്തില്‍ നിറയുന്നു. നായരു പിടിച്ച പുലിവാല്‍, ശരശയ്യ, കരകാണാക്കടല്‍, ഒരു പെണ്ണിന്റെ കഥ, കള്ളിച്ചെല്ലമ്മ, അരനാഴികനേരം തുടങ്ങി എടുത്തു പറയേണ്ട ചിത്രങ്ങളേറെ. എന്നാല്‍ ജീവിതത്തില്‍ അധ്യാപകന്‍, പട്ടാളക്കാരന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നീ വേഷങ്ങളില്‍ 1971 ജൂണ്‍ 15 വരെ സത്യന്‍ നിറഞ്ഞ് നിന്നിരുന്നു.

ഒരിക്കലും മാറ്റിവെയ്ക്കാനാകാത്ത നാഴികക്കല്ലായി തന്റെ സാന്നിധ്യം പ്രേക്ഷകഹൃദയങ്ങളില്‍ ആഴത്തില്‍ ഉറപ്പിച്ച നടനാണ് അദേഹം. മലയാള സിനിമയുടെ ചരിത്രവഴികളില്‍ സ്ഥിരപ്രതിഷ്ട നേടിയ പകരം വെയ്ക്കാനാകാത്ത അനശ്വര നടന്‍. സത്യന്‍ മാഷ്, ഇന്നും ജന മനസ്സുകളില്‍ ജീവിക്കുന്നു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here