Governor: ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെയും കേരളത്തിലെ പ്രത്യേക സാഹചര്യത്തിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍വകലാശാലകളുടെ തലപ്പത്ത് അക്കാദമിക് വിദഗ്ധരെയോ പ്രഗത്ഭ വ്യക്തികളെയോ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും പ്രവര്‍ത്തനം ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നിയമവിരുദ്ധ ഇടപെടലിനെ തുടര്‍ന്ന് അവതാളത്തിലാകുന്ന സാഹചര്യം. ഒപ്പം ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് ഉചിതമാകില്ലെന്ന പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇവയുടെ പശ്ചാത്തലത്തിലാണ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതിനായി സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതാണ് ഓര്‍ഡിനന്‍സെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ലക്ഷ്യം കൈവരിക്കാന്‍ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗദ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

അതേസമയം ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നതാണ് ഇനി നിര്‍ണായകം. ചാന്‍സലര്‍ പദവി ഒഴിയാന്‍ തയാറാണെന്ന് ഗവര്‍ണര്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിനായി നിയമനിര്‍മാണം നടത്തിയാല്‍ ഒപ്പിടാന്‍ തയാറാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ മാറ്റമുണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News