The Kerala Story: സംഘപരിവാര്‍ അജണ്ട; ‘ദി കേരള സ്റ്റോറി’ ടീസറിലൂടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം

സംഘപരിവാര്‍ പ്രോപ്പാഗാണ്ട സിനിമ ‘ദി കേരള സ്റ്റോറി’യുടെ ടീസര്‍(The Kerala story teaser) ഉപയോഗിച്ച് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം. കേരളത്തില്‍ നിന്നും 32,000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന സിനിമാക്കഥയാണ് യഥാര്‍ത്ഥ കഥയായി ദേശീയതലത്തില്‍ സംഘപരിവാര്‍(Sangh parivar) അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദു വിദേശത്ത് നേഴ്‌സ് ആകാന്‍ ആഗ്രഹിച്ച് ഐഎസില്‍ എത്തിയ കഥ വിവരിക്കുന്ന സിനിമയാണ് സംഘപരിവാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ കേരള സ്റ്റോറി എന്ന പേരില്‍ ഒരുങ്ങുന്നത്. കേരള സ്റ്റോറിയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാന്‍ വിവിധ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ശ്രമം നടത്തിയിരുന്നു. ശാലിനി ഉണ്ണികൃഷ്ണന്‍ ഐഎസില്‍ ചേര്‍ന്ന് ഫാത്തിമ ആയെന്നും ഇപ്പോള്‍ അഫ്ഗാനില്‍ ജയിലില്‍ ആണെന്നും ബുര്‍ഖ ധരിച്ചു കൊണ്ട് പറയുന്ന രംഗമാണ് ടീസറില്‍ ഉള്ളത്.

32,000 ഓളം സ്ത്രീകള്‍ കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ന്നുവെന്നും സിനിമയുടെ ടീസര്‍ ആരോപിക്കുന്നു. നേരത്തെ സിനിമയുടെ സംവിധായകനായ സുദീപ്‌തോ സെന്‍ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖവും ചര്‍ച്ചയാകുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2009 മുതല്‍ കേരളത്തില്‍ നിന്ന് 32000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്നാണ് സംവിധായകന്‍ സുദീപ്‌തോ സെന്‍ അഭിമുഖത്തില്‍ ആരോപിച്ചത്. ഇങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടായിട്ടും കേരള സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും സംവിധായകന്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു. അതിനുശേഷം ആണ് അതേ നുണക്കഥ തന്നെ സിനിമയായി മെനഞ്ഞുകൊണ്ട് സ്‌ക്രീനില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നത്.

ഇപ്പോള്‍ ഇതേ സിനിമയുടെ ടീസര്‍ ഉപയോഗിച്ച് ദേശീയ തലത്തില്‍ വിവിധ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ സിനിമയുടെ നുണക്കഥ തന്നെ യഥാര്‍ത്ഥ കഥയായി അവതരിപ്പിക്കാന്‍ ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ അടക്കം ടീസര്‍ ഷെയര്‍ ചെയ്തിരുന്നു. സിനിമയുടെ പേരായ ദ കേരള സ്റ്റോറി എന്ന ഹാഷ്ടാഗിനൊപ്പം ട്രൂ സ്റ്റോറി എന്ന ഹാഷ് ടാഗ് കൂടി ഇത്തരം ഹാന്‍ഡിലുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് എത്തിയ ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യ സംഭവമായി ചിത്രീകരിച്ച് ദേശീയതലത്തില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും കേരള ജനതയെ ഒറ്റപ്പെടുത്താനുമുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ വിമര്‍ശനവും പ്രതിരോധവും കടുക്കുകയാണ്. കാശ്മീരില്‍ നടന്ന സംഭവങ്ങളെ സംഘപരിവാര്‍ ആംഗിളില്‍ ചിത്രീകരിച്ചുകൊണ്ട് പുറത്തിറക്കിയ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്ക് പിന്നാലെയാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും രാജ്യത്ത് മതവിദ്വേഷം പടര്‍ത്താനുമുള്ള അടുത്ത സംഘപരിവാര്‍ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News