Governor:അഡ്വ.എസ്. ഗോപകുമാരന്‍ നായര്‍ ഗവര്‍ണറുടെ പുതിയ നിയമോപദേശകന്‍

ഗവര്‍ണറുടെ നിയമോപദേശകനായി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.എസ്. ഗോപകുമാരന്‍ നായര്‍ നിയമിതനായി. നിയമോപദേശകനായിരുന്ന അഡ്വ.ജാജു ബാബു രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമോപദേശകനെ ഗവര്‍ണര്‍ നിയമിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൂടിയായിരുന്നു ഗവര്‍ണറുടെ പുതിയ നിയമോപദേശകനായ അഡ്വക്കറ്റ് ഗോപകുമാരന്‍ നായര്‍.

ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കുകയും ഹൈക്കോടതിയിലടക്കം ഗവര്‍ണര്‍ക്കുവേണ്ടി കേസുകളില്‍ ഹാജരാകുകയും ചെയ്യുന്ന സീനിയര്‍ അഭിഭാഷകന്‍ ജാജു ബാബുവും കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറുടെ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന, ജാജു ബാബുവിന്റെ ഭാര്യ എം യു വിജയലക്ഷ്മിയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. താങ്കള്‍ക്ക് കൂടി അറിയാവുന്ന കാരണങ്ങളാല്‍ സ്ഥാനമൊഴിയാന്‍ സമയമായി എന്നുമാത്രമായിരുന്നു രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന അഭിഭാഷകനായ അഡ്വക്കറ്റ് എസ് ഗോപകുമാരന്‍ നായരെ പുതിയ നിയമോപദേശകനായി ഗവര്‍ണര്‍ നിയമിച്ചത്.സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഹൈക്കോടതിയിലെ അഭിഭാഷകന്‍കൂടിയായിരുന്നു അഡ്വ.എസ് ഗോപകുമാരന്‍ നായര്‍.സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സംഘപരിവാര്‍ കൂടാരത്തിലെത്തിയത് നേരത്തെതന്നെ വലിയ ചര്‍ച്ചയായിരുന്നു. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കുന്ന ഗവര്‍ണര്‍ കേസിലെ പ്രധാന പ്രതിയുടെ അഭിഭാഷകനായിരുന്നയാളെ നിയമോപദേശകനായി നിയമിച്ചതും രാഷ്ട്രീയ വൃത്തങ്ങളില്‍ ഇതിനകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നേരത്തെ സ്വപ്നയുടെ അഭിഭാഷകനായിരുന്ന അഡ്വക്കറ്റ് ടി കെ രാജേഷ് കുമാറിനെ കസ്റ്റംസ് സ്റ്റാന്റിംഗ് കൗണ്‍സലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതും മുന്‍പ് വിവാദമായിരുന്നു.

സര്‍വ്വകലാശാല വിഷയത്തിലടക്കം ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടിലുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് നിയമോപദേശകര്‍ കഴിഞ്ഞ ദിവസം രാജിവെച്ചതെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനെതിരായ നീക്കത്തിലും സര്‍വ്വകലാശാല വിഷയത്തിലും ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ നിയമവിദഗ്ധര്‍ പോലും രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനിടെയാണ് അഭിഭാഷകരുടെ രാജി എന്നതും ശ്രദ്ധേയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here