ADVERTISEMENT
ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ പാകിസ്താനെതിരെ 153 റൺസ് വിജയലക്ഷ്യമുയർത്തി ന്യുസീലൻഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു.തുടക്കം മോശമായ ന്യൂസീലൻഡിനെ നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസൺ – ഡാരിൽ മിച്ചൽ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
അർധ സെഞ്ചുറി നേടിയ മിച്ചലാണ് ന്യൂസീലൻഡിന്റെ ടോപ് സ്‌കോറർ. 35 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 53 റൺസോടെ പുറത്താകാതെ നിന്നു.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് ഇന്നിങ്‌സിന്റെ മൂന്നാം പന്തിൽ തന്നെ ഫിൻ അലനെ (4) നഷ്ടമായി. തുടർന്ന് ഡെവോൺ കോൺവെയും ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചേർന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ സ്‌കോർ 38-ൽ നിൽക്കുമ്പോൾ കോൺവെ റണ്ണൗട്ടായി.
20 പന്തിൽ നിന്ന് 21 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ ഗ്ലെൻ ഫിലിപ്പും (6) പെട്ടെന്ന് മടങ്ങിയതോടെ കിവീസ് പ്രതിരോധത്തിലായി.എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച വില്യംസൺ – ഡാരിൽ മിച്ചൽ സഖ്യം 68 റൺസ് കൂട്ടിച്ചേർത്ത് ടീം സ്‌കോർ മുന്നോട്ടുനയിച്ചു. ഇതിനിടെ ഷഹീൻ അഫ്രീദിയെറിഞ്ഞ 17-ാം ഓവറിൽ വില്യംസണ് പിഴച്ചു. സ്‌കൂപ്പിന് ശ്രമിച്ച വില്യംസന്റെ വിക്കറ്റുമായി പന്ത് പറന്നു. 42 പന്തിൽ നിന്ന് ഓരോ സിക്‌സും ഫോറുമടക്കം 46 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
പിന്നീട് ജെയിംസ് നീഷാമിനെ കൂട്ടുപിടിച്ച് മിച്ചൽ സ്‌കോർ 152-ൽ എത്തിച്ചു. നീഷാം 12 പന്തിൽ നിന്ന് 16 റൺസോടെ പുറത്താകാതെ നിന്നു.പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.