Brazil:ഗോള്‍ നിറയ്ക്കാന്‍ ബ്രസീല്‍; നെയ്മര്‍ ഉള്‍പ്പെടെ ഒമ്പത് മുന്നേറ്റക്കാര്‍

(Brazil)ബ്രസീല്‍ നയം വ്യക്തമാക്കി. ഖത്തറില്‍ ഒറ്റലക്ഷ്യം മാത്രം. എതിര്‍വലയില്‍ ഗോള്‍ നിറച്ച് ആറാംകിരീടം. പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ച 26 അംഗ ടീമില്‍ ഗോളടിക്കാന്‍ മാത്രം ഒമ്പതുപേരാണുള്ളത്. ആക്രമണ ഫുട്ബോളാണ് കളിക്കുക എന്ന് ടിറ്റെ വ്യക്തമാക്കുകയും ചെയ്തു. നെയ്മറിനാണ് ഗോളടിനിരയുടെ ചുമതല. റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ ജെസ്യൂസ്, വിനീഷ്യസ് ജൂനിയര്‍, റഫീന്യ, ആന്തണി, ഗബ്രിയേല്‍ മാര്‍ടിനെല്ലി, പെഡ്രോ, റോഡ്രിഗോ എന്നിവരും ഒപ്പംചേരും. ഇതില്‍ പെഡ്രോ ഒഴിച്ച് ബാക്കിയെല്ലാവരും യൂറോപ്യന്‍ ലീഗില്‍ കരുത്ത് തെളിയിച്ചവര്‍. മിടുക്കരായ റോബര്‍ട്ടോ ഫിര്‍മിനോയ്ക്കും ഗബ്രിയേല്‍ ബാര്‍ബോസിനും സ്ഥാനം കിട്ടിയില്ല.

എട്ട് പ്രതിരോധക്കാരും ആറ് മധ്യനിരക്കാരും മൂന്ന് ഗോള്‍കീപ്പര്‍മാരുമാണ് ബ്രസീല്‍ നിരയില്‍. പ്രതിരോധത്തില്‍ മുപ്പത്തൊമ്പതുകാരന്‍ ഡാനി ആല്‍വേസിന്റെ ഉള്‍പ്പെടുത്തല്‍ അപ്രതീക്ഷിതമാണ്. രണ്ട് മാസമായി ഈ വലതുപ്രതിരോധക്കാരന്‍ കളിക്കാനിറങ്ങിയിട്ട്. കാനറികള്‍ക്കായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും ആല്‍വേസിന്റെ പേരിലായി. 1966ല്‍ മുപ്പത്തേഴുകാരന്‍ ദാല്‍മ സാന്റോസാണ് ഇതിനുമുമ്പ് മഞ്ഞപ്പടയ്ക്കായി ബൂട്ട് കെട്ടിയ മുതിര്‍ന്ന കളിക്കാരന്‍. ‘മുഴുവന്‍ സമയവും കളിപ്പിക്കാന്‍ കഴിയുന്ന താരമല്ലെങ്കിലും ടീമിന്റെ പദ്ധതിയില്‍ വലിയ സ്ഥാനം ആല്‍വേസിനുണ്ട്. പരിചയസമ്പത്തും യുവതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള മിടുക്കും മുതല്‍ക്കൂട്ടാകും’-ടിറ്റെ പറഞ്ഞു. എങ്കിലും മുപ്പത്തൊമ്പതുകാരന്റെ ഉള്‍പ്പെടുത്തല്‍ ബ്രസീല്‍ പ്രതിരോധത്തിലെ ദൗര്‍ബല്യം തുറന്നുകാട്ടുന്നതാണ്. റൈറ്റ് ബാക്കില്‍ ആല്‍വേസിന് പറ്റിയ പിന്‍ഗാമി ഇതുവരെയും ഉണ്ടായിട്ടില്ല. യുവന്റസിന്റെ ഡാനിലോയാണ് ടീമില്‍ ഇടംപിടിച്ച രണ്ടാമന്‍.

പ്രതിരോധഹൃദയം കാക്കാന്‍ മുപ്പത്തെട്ടുകാരന്‍ തിയാഗോ സില്‍വയുണ്ട്. ഒപ്പം യുവതാരങ്ങളായ ഏദെര്‍ മിലിറ്റാവോയും മാര്‍ക്വീന്യോസും. യുവന്റസിന്റെ ബ്രെമെറാണ് മറ്റൊരു സാന്നിധ്യം. മധ്യനിരയില്‍ പരിക്കേറ്റ ഫിലിപ്പെ കുടീന്യോ ഇല്ലാത്തത് ക്ഷീണമാകും. കാസെമിറോ, ലൂക്കാസ് പക്വേറ്റ എന്നിവര്‍ക്കൊപ്പം പുതുതാരം ബ്രൂണോ ഗിമറസും അണിനിരക്കും. ടിറ്റെയെ സഹായിക്കാന്‍ മുന്‍ പിഎസ്ജി കോച്ച് റികാര്‍ഡോ ഗോമെസിനെ സഹപരിശീലകനായും ബ്രസീല്‍ നിയമിച്ചു.

ഇരുപത് വര്‍ഷത്തിനുശേഷമൊരു കിരീടമാണ് ലക്ഷ്യം. കഴിഞ്ഞതവണ ക്വാര്‍ട്ടറില്‍ ബല്‍ജിയത്തോട് വീണു. 1958, 1962, 1970, 1994, 2002 പതിപ്പിലായിരുന്നു മുന്‍ നേട്ടങ്ങള്‍. 24ന് സെര്‍ബിയയും 28ന് സ്വിറ്റ്സര്‍ലന്‍ഡും ഡിസംബര്‍ രണ്ടിന് കാമറൂണുമായുമാണ് ഗ്രൂപ്പ് മത്സരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here