ആർ എസ് എസ്സിലെത്താൻ കെ സുധാകരന് ഇനി എത്ര ദൂരം ? | K. Sudhakaran

ആർഎസ്‌എസ്സിനൊപ്പമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.ആർഎസ്‌എസ്‌ ശാഖ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ടു നൽകിയിട്ടുണ്ടെന്നാണ് സുധാകരൻറെ ഇന്നത്തെ വെളിപ്പെടുത്തൽ .എടക്കാട്‌, തോട്ടട, കീഴുന്ന പ്രദേശങ്ങളിൽ ആർഎസ്‌എസ്‌ ശാഖ ആരംഭിക്കാനും സംരക്ഷിക്കാനുമാണ്‌ സഹായം നൽകിയതെന്നും സിഎംപി സി പി ജോൺ വിഭാഗം കണ്ണൂരിൽ നടത്തിയ എം വി രാഘവൻ അനുസ്‌മരണ പരിപാടിയിൽ സംസാരിക്കവെ സുധാകരൻ പറഞ്ഞു. ഈ ചാട്ടം എങ്ങോട്ടാണെന്ന് രാഷ്ട്രീയ കേരളം മനസ്സിലാക്കിക്ക‍ഴിഞ്ഞു.

ഇനി പറയാൻ പോകുന്നത് ഒരു കഥയാണ്..കുമ്പക്കുടി സുധാകരൻ എന്ന കെ സുധാകരൻറെ കഥ.

താക്കോൽ ജനത എന്നൊരു പാർട്ടിയുണ്ടായിരുന്നു. ജനതാ പാർട്ടിയിൽ നിന്ന് വിട്ടുപോയ ഒരു വിഭാഗം. അതിന്റെ നേതാവായിരിക്കെയാണ് കുമ്പക്കുടി സുധാകരൻ എന്ന കെ സുധാകരൻ ഒറ്റച്ചാട്ടത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെത്തിയത്.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ ‘ഭാരതയക്ഷി’ എന്നുവിളിച്ചാക്ഷേപിച്ചു എന്നതായിരുന്നു ഡിസിസി പ്രസിഡന്റ് ആയ വേളയിൽ സുധാകരനെതിരെ കോൺഗ്രസിലെ എ ക്കാരും ഐ വിഭാഗത്തിലെ എൻ ആർ പക്ഷക്കാരും ഉന്നയിച്ച ആദ്യ ആക്ഷേപം. ജനങ്ങൾക്ക് വേണ്ടി നടത്തിയ ഇടപെടലുകളിലൂടെ, സമരങ്ങളിലൂടെ, വികസന പ്രവർത്തനങ്ങളിലൂടെയെല്ലാം നേതൃനിരയിലേക്കുയരുന്ന വ്യക്തികൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉണ്ടാവും. എന്നാൽ കെ സുധാകരൻ രാഷ്ട്രീയ കേരളത്തിന് ചിരപരിചിതനാകുന്നത് ഒരു കൊലപാതകത്തിലൂടെയാണ്.

1993 മാർച്ച് 4ന്. കെ സുധാകരന്റെ ഉത്തരവനുസരിച്ച് ആണ് വാസുവിനെ വെടിവെച്ചു വീഴ്ത്തിയത്. സുധാകരന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ ആ കാലത്ത് അരങ്ങേറിയ അക്രമ പേക്കൂത്തുകളിൽ ഒന്നായിരുന്നു നാൽപ്പാടി വാസു എന്ന യുവാവിന്റെ വധം. സുധാകരൻ നടത്തിയ ” ജാഥ”യ്ക്കിടെ ആയിരുന്നു മട്ടന്നൂരിനടുത്തുവെച്ച് വഴിയോരത്ത് നിൽക്കുകയായിരുന്ന നാൽപ്പാടി വാസുവിനു നേരെ വെടിവെച്ചത്.

“ഞങ്ങൾ ഒരുത്തനെ വെടിവെച്ചു കൊന്നിട്ടാണ് ഇവിടെ എത്തിയത്” എന്ന് മട്ടന്നൂർ കവലയിലെ പൊതുയോഗത്തിൽ ആക്രോശിക്കാനും സുധാകരൻ മറന്നില്ല. കണ്ണൂർ നഗരമധ്യത്തിലെ സേവറി ഹോട്ടലിനുനേരെ ഉച്ചനേരത്ത് ബോംബെറിഞ്ഞ് നാണു എന്ന തൊഴിലാളിയെ സുധാകര സംഘം കൊലപ്പെടുത്തിയത് ഇതിന് ഏതാനും ദിവസം മുൻപായിരുന്നു.

നെഹ്‌റു ഗ്രൂപ് ഉടമ കൃഷ്ണദാസിന്റെ കേസ് ഒതുക്കിത്തീർക്കാൻ രഹസ്യദൗത്യത്തിന് പോയി പിടിക്കപ്പെട്ടതാണ് കെ സുധാകരൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിരിക്കാൻ യോഗ്യനല്ലെന്നു തെളിയിച്ച മറ്റൊരു സംഭവം. പിടിക്കപ്പെടാതിരിക്കുന്നതിലാണ് കേമത്തമെന്ന അഹങ്കാരമാണ് ചെർപ്പുളശേരിയിൽ ആ രാത്രി അലിഞ്ഞില്ലാതായത്.

ശബരിമല അടക്കമുള്ള പ്രമുഖ വിധികൾ പുറപ്പെടുവിച്ച ഉടനെ “സുപ്രീം കോടതി ജഡ്ജിയുടെ തലയ്ക്ക് വെളിവില്ല” എന്നാണ് 2019 സെപ്തംബർ 30-നു സുധാകരൻ പ്രസ്താവിച്ചത്. ശബരിമല വിഷയത്തിലടക്കം സ്ത്രീ വിരുദ്ധ നിലപാടുകളുമായി കളം നിറഞ്ഞു കളിച്ചിട്ടുണ്ട് കെ സുധാകരൻ. ഒരു തവണ പോലും ഖേദം പ്രകടിപ്പിക്കുകയോ മാപ്പു പറയുകയോ ചെയ്‌തിട്ടില്ല.

ഇടയ്ക്ക് സുധാകരൻ ബിജെപിയിലേക്ക് പോകും എന്ന വാർത്ത വന്നിരുന്നു.കൂറ് എന്നും ബിജെപിയോടാണ് എന്ന് ഇന്നത്തേതുൾപ്പെടെ ഒരുപാട് പ്രസ്താവനകൾ സാക്ഷ്യം വഹിക്കുന്നുണ്ട്.

എടക്കാട്‌, തോട്ടട, കീഴുന്ന പ്രദേശങ്ങളിൽ നേരത്തെ ആർ എസ് എസ് ശാഖ ഉണ്ടായിരുന്നില്ല. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സിപിഐഎമ്മിന്‍റെ  എതിർപ്പുണ്ടായി. അപ്പോഴാണ്‌ ജനാധിപത്യം സംരക്ഷിക്കാൻ സഹായം നൽകിയതെന്നും സുധാകരൻ അവകാശപ്പെട്ടു. ഈ വിഷയത്തിൽ പിന്നീട്‌ വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോടും ഇതേ വാദം ആവർത്തിച്ചു. എന്റെ ഉദ്ദേശ ശുദ്ധിയെയാണ്‌ ചോദ്യം ചെയ്യുന്നത്‌. ജനാധിപത്യ അവകാശത്തിന്‌ വേണ്ടിയുള്ള നിലപാടാണത്‌. അത്‌ വളച്ചൊടിക്കുന്ന നിങ്ങളാണ്‌ കുറ്റവാളികൾ എന്നും സുധാകരൻ പറഞ്ഞു.

സുധാകരന്റെ ആർഎസ്‌എസ്‌ ബന്ധമാണ്‌ ഇതിലൂടെ തുറന്ന്‌ കാട്ടുന്നത്‌. കണ്ണൂർ ജില്ലയിൽ സിപിഐ എം പ്രവർത്തകരെ ആർഎസ്‌എസ്‌ കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തപ്പോഴെല്ലാം സുധാകരന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന ആരോപണം ശരിവെക്കുന്നതുമാണ്‌ ഈ വെളിപ്പെടുത്തൽ.

തനിക്ക്‌ ശരിയെന്ന്‌ തോന്നിയാൽ ആ നിമിഷം ബിജെപിയിൽ ചേരുമെന്ന്‌ നേരത്തെ പറഞ്ഞിരുന്നു. രണ്ട്‌ തവണ ദൂതൻമാർ സമീപിച്ചതായും അന്ന്‌ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിന്റെ തുടർച്ചയായാണ്‌ കണ്ണൂർ പാർലമെന്റ്‌ മണ്ഡലത്തിൽ മൽസരിക്കാൻ കോൺഗ്രസ്‌ അവസരം നൽകിയതും പിന്നീട്‌ കെപിസിസി പ്രസിഡന്റ്‌ ആക്കിയതും എന്നതും ശ്രദ്ധേയമാണ്‌.

കഴിഞ്ഞ തൊണ്ണൂറ് വർഷത്തിലേറെയായുള്ള ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ ഹൈന്ദവ മനസ്സുകളെ വർഗീയമായി ധ്രുവീകരിക്കാൻ ആർ. എസ്. എസ്സിന് സാധിച്ചിട്ടുണ്ട്. പരസ്യമായിത്തന്നെ വിദ്വേഷവും പകയും പ്രസംഗിക്കുന്നവർ ഒരു നൂറ്റാണ്ടോളമായി മുടങ്ങാതെ നടക്കുന്ന ശാഖകളിലും മറ്റു രഹസ്യ സംഗമങ്ങളിലും എന്താണ് ഉദ്‌ബോധിപ്പിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വിദ്വേഷവും പ്രതികാരവും നിരന്തരം കുത്തിവെക്കപ്പെട്ട അസ്വസ്ഥമായ മനസ്സുകൾ ബോംബുകളായിരിക്കും. അവ എവിടെയെങ്കിലും പൊട്ടിത്തെറിച്ച് സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യും. ഇത്തരം ആയിരക്കണക്കിന് ബോംബുകൾ ഉൽപാദിപ്പിക്കുന്ന അത്യന്തം മാരകശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് സംഘപരിവാർ.

ആ സംഘപരിവാറിന്റെ പ്രധാന ആശയപ്രചാരണായുധം രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ശാഖകൾ കൂടി ആണ്. ഈ സംവിധാനത്തെ പിന്തുണച്ചിട്ടുണ്ടെന്നും, സഹായിച്ചിട്ടുണ്ടെന്നുമാണ് യാതൊരു ഉളുപ്പുമില്ലാതെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിരുന്ന് കെ സുധാകരൻ പറയുന്നത്.

കോൺഗ്രസിനെ നയിക്കാനും കോൺഗ്രസിലേയ്ക്ക് അണികളെ കൂട്ടാനും മല്ലികാർജ്ജുൻ ഖാർഗെയെ ഇറക്കി.എന്നിട്ടും പല സംസ്ഥാനങ്ങളിലും കാണാനാവുന്നത് കോൺഗ്രസിൽ നിന്നുള്ള കൊ‍ഴിഞ്ഞുപോക്കാണ്. ഇന്നത്തെ പ്രസ്താവനയോടുകൂടി കെ സുധാകരൻറെ മറുകണ്ടം ചാടൽ എപ്പോ‍ഴാകും എന്നതാണ് ഇപ്പോൾ കേരളത്തിലെ ചർച്ചാ വിഷയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News