FUTA: അക്കാദമികരംഗത്തെ പ്രമുഖരെ ചാൻസിലറാക്കാനുള്ള തീരുമാനം മികച്ച മാതൃക: എഫ്.യു.ടി.എ

സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ‍ അക്കാദമിക പ്രഗത്ഭരെ ചാന്‍സലര്‍ പദവിയിൽ നിയമിക്കാനുള്ള തീരുമാനം മഹത്തായ മാതൃകയാകുമെന്നും കേരളത്തിലെ സർവ്വകലാശാലാ സമൂഹം നിറഞ്ഞമനസ്സോടെ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ്(FUTA) പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ സർവകലാശാലകൾ(universities)പൊതുസമൂഹത്തിന്റെ സ്വത്താണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയമാറ്റങ്ങളിലാണ് കേരളമിന്ന്. രാജ്യത്ത് ഏറ്റവുംകുറഞ്ഞ ചിലവിൽ പഠന-ഗവേഷണങ്ങൾ നടത്താൻ പറ്റുന്ന തരത്തിലാണ് കേരളത്തിലെ സർവ്വകലാശാലകളെ ജനകീയ സർക്കാർ സംരക്ഷിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങളാണ് എല്ലാ സർവ്വകലാശാലകളിലും സാധ്യമായിരിക്കുന്നത്.

അതിന്റെ ഭാഗമായി സർവ്വകലാശാലകളിൽ നടക്കുന്ന മുന്നേറ്റങ്ങൾ ചെറുതല്ല. ഭരണഘടനയില്‍ നിക്ഷിപ്തമായ വലിയ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണർ സര്‍വ്വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി തുടരുന്ന പഴയരീതിക്ക് മാറ്റമുണ്ടാകുന്നത് ഏറെ പ്രതീക്ഷനല്കുന്നു. സർവ്വകലാശാലകൾക്ക് മികച്ച അക്കാദമിക്കുകളാണ് മുഴുവൻ സമയ നേതൃത്വം നൽകേണ്ടത്.

എങ്കിലേ അവ തികച്ചും അക്കാദമിക സ്വാതന്ത്യമുള്ള പഠന-ഗവേഷണ കേന്ദ്രങ്ങളായി ഉയർന്നു നില്ക്കൂ. ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാനുള്ള തീരുമാനം അതുകൊണ്ടുതന്നെ മാതൃകാപരമാണ്.

ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഈ തീരുമാനം വളർപന്തലാകുമെന്ന് എഫ്.യു.ടി.എ പ്രസിഡൻറ് പ്രൊഫ.ചക്രപാണിയും ജനറൽ സെക്രട്ടറി ഡോ.എസ്.നസീബും പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here