‘രാജ്ഭവനിൽ’ നടന്നതൊക്കെ നാലാൾ കണ്ടു, കണ്ടവർ ചിരിച്ചു ,മനുഷ്യരെ ചിന്തിപ്പിച്ചു ; എ എ റഹീം എം പി | A. A. Rahim

ജയജയജയഹേ സിനിമയെ പ്രശംസിച്ച് എ എ റഹീം എം പി. നല്ല സ്ത്രീപക്ഷ-രാഷ്ട്രീയ സിനിമയാണ്.അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി കടന്നാക്രമിക്കുകയാണ് ‘ജയജയജയഹേ’ എന്നും എ എ റഹീം എം പി ഫെയ്സ്ബുക്കിൽ കുറിച്ചു.

‘രാജ്ഭവനിൽ’ നടന്നതൊക്കെ നാലാൾ കണ്ടു.
കണ്ടവർ ചിരിച്ചു ,മനുഷ്യരെ ചിന്തിപ്പിച്ചു.
രാജേഷും ജയയും രാജ്ഭവനിലെ സംഭവബഹുലമായ ജീവിതവും മാത്രമല്ല,ജയ ഈ മണ്ണിൽ പിറന്നു വീണ നാൾ മുതൽ അവൾ കടന്നു വന്ന വഴികൾ എത്ര മനോഹരമായാണ് ആഖ്യാനം ചെയ്തിരിക്കുന്നത്.
അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി കടന്നാക്രമിക്കുകയാണ് ‘ജയജയജയഹേ’.

ശക്തമായ സ്ത്രീപക്ഷ സിനിമ.
ദർശന രാജേന്ദ്രൻ എന്ന അതുല്യ പ്രതിഭയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.
ജയയുടെ അച്ഛനും അമ്മയും സഹോദരനും അമ്മാവനും സാധാരണക്കാരും ശുദ്ധാത്മാക്കളുമാണ്.പക്ഷേ അവരാണ് ജയയുടെ സ്വപ്നങ്ങളെ തല്ലി കെടുത്തുന്നതും.അവർ ശുദ്ധരെങ്കിലും സ്വന്തം മകളോട് നീതിപുലർത്താൻ അവർക്ക് സാധിക്കാത്തത് നമ്മുടെ സമൂഹത്തിൽ കട്ടപിടിച്ചു നിൽക്കുന്ന ഒരു പൊതുബോധം കാരണമാണ്..

ഓരോ മലയാളിയും ‘ജീവിക്കുന്നത്’,അധ്വാനിക്കുന്നത് ഏതാണ്ട് രണ്ട്‌ കാര്യങ്ങൾക്കായാണ്.
ഒന്ന്,വീടുവയ്ക്കാൻ,രണ്ട്‌,മകളെ കെട്ടിച്ചയക്കാൻ…..
ആദ്യത്തെ കടത്തിൽ നിന്ന് രണ്ടാമത്തെ കടത്തിലേയ്ക്ക്.
രണ്ട് ‘ഉത്തരവാദിത്വവും’ചെയ്ത് കഴിയുമ്പോൾ പ്രാരാബ്ധങ്ങൾ ഒഴിയും.പിന്നെ കടം വീട്ടലാണ്.

ഈ പ്രാരാബ്ധങ്ങൾക്ക് ഇടയിൽ വികസിക്കുന്നതും അവസാനിക്കുന്നതുമാണ് ഒരു ശരാശരി മലയാളിയുടെ ജീവിതം.
സ്ത്രീവിരുദ്ധമായ പൊതുബോധത്തിനെതിരെയാണ് ജയജയജയഹേ സംസാരിക്കുന്നത്.വിപിൻ‌ദാസ് എന്ന സംവിധായകനിൽ നിന്നും ഇനിയും മലയാളിക്കു ഒരുപാട് പ്രതീക്ഷിക്കാം.ഗൗരവമേറിയ യാഥാർഥ്യങ്ങളെ എത്ര ലളിതവും,നർമ്മബോധത്തോടെയുമാണ് അയാൾ കൈകാര്യം ചെയ്തത്.മികച്ച സ്ക്രിപ്റ്റ്,അതിലേറെ നല്ല ആഖ്യാനം.
ഇതൊരു നായക സിനിമയല്ല.

നായികാ സിനിമയാണ്.ബേസിൽ ജോസഫ് കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലർത്തി.ബേസിൽ മലയാള സിനിമയ്ക്ക് മുതൽക്കൂട്ട് തന്നെയാണ്.
പ്രിയ സുഹൃത്ത് അസീസ് നെടുമങ്ങാടിന്റെ കരിയറിലെ മികച്ച പെർഫോമൻസായിരുന്നു ‘അനിയണ്ണൻ’.
രണ്ട്‌ സീനുകളിൽ മാത്രം വന്നുപോകുന്ന പ്രിയപ്പെട്ട നോബി പ്രേക്ഷക മനസ്സിൽ തന്റെ കഥാപാത്രത്തെ കൃത്യമായി അടയാളപ്പെടുത്തി.
എല്ലാവരും ഗംഭീരമായി.
നല്ല കഥ,നല്ല കഥാപാത്രങ്ങൾ,
മികച്ച മേക്കിങ്.ജയജയജയഹേ നല്ല സ്ത്രീപക്ഷ-രാഷ്ട്രീയ സിനിമയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News