സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ലീഗ് | K. Sudhakaran

ആർ എസ് എസ്സിന് സംരക്ഷണം നൽകിയെന്ന സുധാകരന്റെ വെളിപ്പെടുത്തലിൽ മുസ്ലീം ലീഗിൽ കടുത്ത അതൃപ്തി. വിഷയം ചർച്ച ചെയ്യാൻ ലീഗ് നേതൃത്വം യോഗം ചേരും. സുധാകരൻ തന്നെ പരിശോധിക്കട്ടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സുധാകരനെതിരെ ശക്തമായ വിമർശനവുമായി അബ്ദു റബ്ബും രംഗത്ത്.

കണ്ണൂരിൽ ആർഎസ്എസിന് സംരക്ഷണം നൽകിയെന്ന കെപിസിസി പ്രസിഡൻറ് കെ സുധാകരൻറെ വെളിപ്പെടുത്തലിൽ കടുത്ത വിമർശനമാണ് യുഡിഎഫിനുള്ളിലും പുറത്തും ഉയരുന്നത്. ആ അതൃപ്തി പ്രകടമാകും വിധമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

സുധാകരൻ പറഞ്ഞ കാര്യം അദ്ദേഹം തന്നെ പരിശോധിക്കട്ടെ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം ലീഗ് നേതൃത്വം ചർച്ച ചെയ്തതിനു ശേഷം നിലപാട് പറയുമെന്നും അദ്ദേഹം അറിയിച്ചു.

സുധാകരനെതിരെ ശക്തമായ വിമർശനവുമായി ലീഗ് നേതാവും മുൻ മന്ത്രിയുമായ അബ്ദു റബ്ബ് രംഗത്തെത്തി. ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണെന്ന് അബ്ദുറബ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഹേ റാം എന്നുച്ചരിച്ച് മഹാത്മാ ഗാന്ധി പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആർഎസ്എസുകാരൻ വെടിയുതിർത്തിട്ടാണെന്നും അബ്ദുറബ് ഓർമപ്പെടുത്തി.

എന്നാൽ, സ്വന്തം മുന്നണിക്കുള്ളിൽ നിന്ന് പോലും വിമർശനം കടുക്കുന്ന ഘട്ടത്തിലും കോൺഗ്രസ് നേതാക്കളാരും സുധാകരനെ അനുകൂലിച്ചോ എതിർത്തോ പ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News