ഉപതെരഞ്ഞെടുപ്പ്‌ ; ഏക ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ എൽഡിഎഫിന്‌ | byelection

സംസ്ഥാനത്തെ 29 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ – 12 സീറ്റിലും യുഡിഎഫ്‌ 15 ഇടത്തും എൻഡിഎ – 2 സീറ്റിലും വിജയിച്ചു. തെരഞ്ഞെടുപ്പ്‌ നടന്ന ഏക ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ എൽഡിഎഫ്‌ നേടി.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്‌ ഡിവിഷനാണ് എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തിയത്‌. എറണാകുളം ജില്ലയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലത്തിലെ ബിജെപി സിറ്റിങ്ങ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പറവുർ നഗരസഭയിലെ പതിനാലാം വാർഡിലാണ്‌ എൽഡിഎഫിലെ നിമിഷ ജിനേഷ് (നിമ്മി) 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്‌.

ഉപതെരഞ്ഞെടുപ്പ് ഫലം

എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തിൽ യുഡഎഫിന്‌ ഭൂരിപക്ഷമായി. ആറാംവാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സാന്റി ജോസ് 41 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെയാണിത്‌. സ്വതന്ത്ര അംഗം ഷീബ ജോർജ്‌ അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.

സ്വതന്ത്രയായി ജയിച്ച ഷീബ എൽഡിഎഫിന്‌ പിന്തുണ നൽകുകയും പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടായി ജയിക്കുകയും ചെയതിരുന്നു. പതിമൂന്നംഗ പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആറു വീതം മെമ്പർമാരാണുള്ളത്. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ യുഡിഎഫിന് ഏഴ്‌വാർഡായി.

അഞ്ച് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സാന്റി ജോസ് (യുഡിഎഫ്‌-252 ), റാണി റോയി (എൽഡിഎഫ്‌-211), രഞ്ജു രവി (എൻഡിഎ-5 ), സുവർണ സന്തോഷ് (ആം ആദ്മി പാർട്ടി-96 ), റാണി ജോഷി (സ്വത-2 ) എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ.

എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ നിമിഷ ജിനേഷ് 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കൗൺസിലറായിരുന്ന ബിജെപിയിലെ കെ എൽ സ്വപ്ന വ്യക്തിപരമായ കാരണങ്ങളാൽ രാജി വച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 29 അംഗ കൗൺസിലിൽ എൽഡിഎഫിന് 10 അംഗങ്ങളായി.

യു ഡി എഫ് 15, ബിജെപി 3, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.മൂന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.നിമിഷ ജിനേഷ് (എൽഡിഎഫ് 448), രമ്യ രജീവ് (എൻഡിഎ 288), രേഖ ദാസൻ (യുഡിഎഫ് 207) എന്നിങ്ങനെയാണ് സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ.
പൂതൃക്ക പഞ്ചായത്ത് പതിനാലാം വാർഡ് യുഡിഎഫ് മോൻസി പോൾ 135 വോട്ടുകൾക്ക് വിജയിച്ചു. സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിർത്തി.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മൂന്നാംവാർഡ് പട്ടിമറ്റത്ത് യുഡിഎഫ്‌ സീറ്റ്‌ നിലനിർത്തി. കോൺഗ്രസിലെ ശ്രീജ അശോകനാണ്‌ വിജയിച്ചത്‌. കെ എം ഇബ്രാഹിം– എൽഡിഎഫ്, ഡി ആർ അരുൺകുമാർ –ബിജെപി, സി കെ ഷെമീർ –ട്വന്റി ട്വന്റി എന്നിവരായിരുന്നു മറ്റ്‌ സ്ഥാനാർഥികൾ.

ഇടുക്കി

ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി ഇ കെ ഷാബു 253 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റിൽ, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി ജെ ഷൈന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

കഞ്ഞിക്കുഴി പൊന്നെടുത്താൻ വാർഡിൽ എൽ ഡി എഫ് സ്ഥാനാത്ഥി പിബി ദിനമണി 92 വോട്ടിന് വിജയിച്ചു. യുഡിഎഫിൽ നിന്നാണ് എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തത്.

കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി ഡി പ്രദീപ് കുമാർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മലപ്പുറം

മലപ്പുറം നഗരസഭ കൈനോട് വാർഡ് എൽഡിഎഫ്‌ നിലനിർത്തി. സിപിഐ എമ്മിലെ സി ഷിജു 12 വോട്ടിനു ജയിച്ചു. എൽഡിഎഫ്‌ സിറ്റിങ്‌ സീറ്റാണ്‌.

തൃശൂർ

തൃശൂർ വടക്കാഞ്ചേരി നഗരസഭ മിണാലൂർ സെന്റർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. എൽഡിഎഫ്‌ സിറ്റിങ് സീറ്റായിരുന്ന മിണാലൂർ സെന്റർ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി കെ എം ഉദയപാലൻ 110 വോട്ടിന് വിജയിച്ചു. എൽഡിഎഫ്‌ കൗൺസിലർ മരിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 41 അംഗ നഗരസഭ കൗൺസിലിൽ എൽഡിഎഫ് 23 , യുഡിഎഫ് 17 , ബിജെപി ഒന്ന് എന്നിങ്ങനെയാണ്‌ സീറ്റ് നില.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപിൽ എൽഡിഎഫ് സ്ഥാനാർഥി എ ഇ ഗോവിന്ദൻ വിജയിച്ചു. 1800 വോട്ടുകൾക്കാണ് വിജയം.

കോഴിക്കോട്‌

കോഴിക്കോട്‌ ജില്ലയിൽ ഒരു ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിലേക്കും മൂന്ന്‌ പഞ്ചായത്ത്‌ വാർഡുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും രണ്ട്‌ സീറ്റുകൾ വീതം നേടി. ഒരു പഞ്ചായത്ത്‌ വാർഡ്‌ യുഡിഎഫ്‌ പിടിച്ചെടുക്കുകയായിരുന്നു.

മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ ഡിവിഷൻ കൂടിയ ഭൂരിപക്ഷവുമായി എൽഡിഎഫ്‌ നിലനിർത്തി. സിപിഐ എമ്മിലെ എം എം രവീന്ദ്രൻ 158 വോട്ടിന് കൊൺഗ്രസിലെ പാറോളി ശശിയെ പരാജയപ്പെടുത്തി. എം എം രവീന്ദ്രൻ –-2420, പാറോളി ശശി–- 2262, സന്തോഷ് കാളിയത്ത്–-163 എന്നിങ്ങനെയാണ്‌ വോട്ടുനില. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന കെ പി ഗോപാലൻ നായർ രാജിവെച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. 142 വോട്ടായിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.

മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡ്‌ എൽഡിഎഫ്‌ നിലനിർത്തിയത്‌ രണ്ടിരട്ടി ഭൂരിപക്ഷത്തോടെയാണ്‌. സിപിഐ എമ്മിലെ എ ശശിധരൻ 340 വോട്ട്‌ ഭൂരിപക്ഷത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടത് എ ശശിധരന് 741 വോട്ടും യുഡിഎഫിലെ ഇ എം രാജന് 401 വോട്ടും ബിജെപി സ്ഥാനാർഥി ഷിബുവിന് 21 വോട്ടും ലഭിച്ചു. എൽഡിഎഫിലെ കെ പി ബാലന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരെഞ്ഞെടുപ്പ്. 107 വോട്ടായിരുന്നു മുൻതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം.

കിഴക്കോത്ത്‌ പഞ്ചായത്തിലെ എളേറ്റിൽ വാർഡാണ്‌ യുഡിഎഫ് പിടിച്ചെടുത്തത്‌. യുഡിഎഫിലെ റസീന പൂക്കോട് 272 വോട്ടിനാണ്‌ എൽഡിഎഫിലെ പി സി രഹ്‌നയെ പരാജയപ്പെടുത്തിയത്. റസീന പൂക്കോട്–- 735, പി സി രഹ്‌ന–- 463, ഷറീനാ സലീം (എസ്‌ഡിപിഐ)–- 44 എന്നിങ്ങനെയാണ്‌ വോട്ടുനില. എൽഡിഎഫിലെ ഐ സജിത 116 വോട്ടിനാണ് കഴിഞ്ഞതവണ വിജയിച്ചത്. സജിതയ്‌ക്ക്‌ സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.

തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാർഡ്‌ യുഡിഎഫ്‌ നിലനിർത്തി. മുസ്ലീംലീഗിലെ സി എ നൗഷാദ്‌ 383 വോട്ടിനാണ്‌ വിജയിച്ചത്‌. അഡ്വ. അബ്ദുൾ റഹിമാൻ (സിപിഐ എം സ്വതന്ത്രൻ )–- 213, സി എ നൗഷാദ് – 594. ബിജെപിയിലെ ലിബീഷ്– 29 എന്നിങ്ങനെയാണ്‌ വോട്ടുനില.

തിരുവനന്തപുരം

കരുംകുളം പഞ്ചായത്ത് ചെക്കിട്ടവിളാകത്തും കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഞ്ഞപ്പാറയിലും യുഡിഎഫ് വിജയിച്ചു.

കരുംകുളത്ത് 103 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇ എൽബറി ആൻറണി വിജയിച്ചു. യുഡിഎഫിന് 466 വോട്ടും എൽഡിഎഫിലെ പെൽക്കിസ്‌ മാർട്ടിൻ 363വോട്ടും നേടി. ബിജെപിയുടെ എം ഗെളിക്ക് 17 വോട്ടാണ് ലഭിച്ചത്. പഞ്ചായത്ത് എൽഡിഎഫ് ആണ് ഭരണം. യുഡിഎഫിലെ പടലപ്പിണക്കം കാരണം യുഡിഎഫ് അംഗം രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മഞ്ഞപ്പാറ വാർഡിൽ നിലവിലെ സിപിഐ എം അംഗത്തിന്‌ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. യുഡിഎഫിന്റെ എം ജെ ഷൈജ വിജയിച്ചു.

പാലക്കാട്

പുതൂർ പഞ്ചായത്തിലെ കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി വഞ്ചി കക്കി 32 വോട്ടിന് വിജയിച്ചു.

കുത്തന്നൂർ പഞ്ചായത്ത് പാലത്തറ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആർ ശശിധരൻ വിജയിച്ചു.

കൊല്ലം

കൊല്ലം പൂതക്കുളം പഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി. 123 വോട്ടിന് എസ് ഗീത വിജയിച്ചു. പേരയം പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ലതാ ബിജു വിജയിച്ചു.

ആലപ്പുഴ

എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാർഡ് നാലിൽ (വാത്തറ സി പി ഐ എം സ്ഥാനാർഥി കെ പി സ്മിനിഷ് കുട്ടൻ 65 വോട്ടുകൾക്ക് വിജയിച്ചു. (433 വോട്ട് ). രണ്ടാം സ്ഥാനം സന്ദീപ് സെബാസ്റ്റ്യൻ( 368 വോട്ട് ).

പാണ്ടനാട് ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ (വൻമഴി വെസ്റ്റ്) യൂ ഡി എഫ് സ്ഥാനാർഥി ജോസ് വല്യാനൂർ 40 വോട്ടുകൾക്ക് വിജയിച്ചു. ( 260 വോട്ടുകൾ ലഭിച്ചു ). രണ്ടാം സ്ഥാനം ആശ (220വോട്ട് ).

കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് എട്ടിൽ ബി ജെ പി സ്ഥാനാർഥി ഉല്ലാസ് 77 വോട്ടുകൾക്ക് വിജയിച്ചു. (286 വോട്ട് ). രണ്ടാം സ്ഥാനം എലിസബത്ത് അലക്‌സാണ്ടർ (209 വോട്ട് ).

മുതുകുളം ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ (ഹൈസ്‌കൂൾ വാർഡ്) സ്വതന്ത്ര സ്ഥാനാർത്ഥി ബൈജു ജി എസ് 103 വോട്ടുകൾക്ക് വിജയിച്ചു( 487 വോട്ട് ). രണ്ടാം സ്ഥാനം മധുകുമാർ (384 vote).

പാലമേൽ ഗ്രാമപഞ്ചായത്ത് വാർഡ് 11 (ആദിക്കാട്ടുകുളങ്ങര തെക്ക്)യൂ ഡി എഫ് സ്ഥാനാർഥി ഷീജ ഷാജി 21 വോട്ടുകൾക്ക് വിജയിച്ചു (594 വോട്ട് ). രണ്ടാം സ്ഥാനം രാജി നൗഷാദ് 573 വോട്ട്.

വയനാട്

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചിത്രമൂല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി റഷീദ് കമ്മിച്ചാൽ 208 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ എൽഡിഫ് സ്ഥാനാർത്ഥി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എമ്മിലെ മായാ അനിൽകുമാർ 1250 വോട്ടിനാണ് വിജയിച്ചത്. കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷനിലും എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി എം ബി അനീഷ് 534 വോട്ടിനാണ് വിജയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here