Imbichi Bava: ഇമ്പിച്ചിബാവയും സിഗരറ്റ് കൂട് നിയമന വിവാദവും; വിജു നായരങ്ങാടിയുടെ കുറിപ്പ് വൈറല്‍

ഇമ്പിച്ചിബാവയുമായി(Imbichi bava) ബന്ധപ്പെട്ട സിഗരറ്റ് കൂട് നിയമന വിവാദത്തെക്കുറിച്ച് എഴുത്തുകാരന്‍ വിജു നായരങ്ങാടി(Viju Nayarangadi) എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍(Social media) വൈറലാവുന്നത്. ഇമ്പിച്ചിബാവ മന്ത്രിയായിരിക്കേ, സിഗരറ്റ് കൂടിന്‍മേല്‍ എഴുതി നിയമിച്ചു എന്നത് എഫ്ബിയില്‍ പലയിടത്തായി കാണുന്നെന്നും ഇമ്പിച്ചിബാവയുടെ അടുത്ത സുഹൃത്തായിരുന്ന തന്റെ അച്ഛന് നിയമനക്കാര്യത്തെക്കുറിച്ച് സുവ്യക്തമായി അറിയാമായിരുന്നെന്നും വിജു നായരങ്ങാടി പറയുന്നു.

അന്ന്, ആ നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും അവര്‍ണ്ണരും അധ:സ്ഥിതരുമായിരുന്നു. അതുവഴി അവരുടെ മക്കളുടെ തലമുറ ഭേദപ്പെട്ട വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷയും നേടി മുഖ്യധാരയില്‍ എത്തി. അച്ഛന്‍ അന്നു നിര്‍ത്തിയത്, ‘നിയമം മനുഷ്യനു വേണ്ടിയാണ്, മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല’ എന്ന ഡോക്ട്രിന്‍ ഭരിച്ച രാഷ്ട്രീയ നേതാവായിരുന്നു ഇമ്പിച്ചിബാവ എന്നു പറഞ്ഞു കൊണ്ടായിരുന്നു എന്ന് താനിപ്പോഴും ഓര്‍ക്കുന്നെന്നും വിജു നായരങ്ങാടി ഫെയ്സ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിനെ അഭിനന്ദിച്ചും ഷെയര്‍ ചെയ്തും രംഗത്തെത്തുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇമ്പിച്ചിബാവ മന്ത്രിയായിരിക്കേ സിഗരറ്റ് കൂടിന്‍മേല്‍ എഴുതി നിയമിച്ചു എന്നത് എഫ്. ബി.യില്‍ പലയിടത്തായി കാണുന്നു. ഇമ്പിച്ചിബാവക്ക് തീവ്രമായ മാനസിക അടുപ്പമുണ്ടായിരുന്ന എന്‍.പി.കുമാരന്‍ എന്ന എന്റച്ഛന്‍ അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് പി.എസ്.പി.യിലേക്ക് മാറിയിരുന്നെങ്കിലും ആ നിയമനക്കാര്യത്തെക്കുറിച്ച് സുവ്യക്തമായി അച്ഛനറിയാമായിരുന്നു. അച്ഛന്‍ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
മന്ത്രിസഭ രാജി സമര്‍പ്പിക്കുകയാണ്. ട്രാന്‍പ്പോര്‍ട്ട് മിനിസ്റ്റര്‍ ഇ.കെ. ഇമ്പിച്ചിബാവ അന്ന് പൊന്നാനി ചന്തപ്പടിയിലുള്ള ഗവ: റസ്റ്റ്ഹൗസിലാണ്. രാവിലെ 11.30 ന് രാജി സമര്‍പ്പിക്കുമെന്ന് റസ്റ്റ്ഹൗസിലേക്ക് ഫോണ്‍ വരുന്നത് 11 മണിക്ക്. അനേകം കെട്ടിടങ്ങളും കടകളും മാളുകളും സ്ഥാപനങ്ങളും നിറഞ്ഞ ഇന്നത്തെ ചന്തപ്പടിയല്ല റസ്റ്റ് ഹൗസ് അല്ലാതെ സമീപത്തെങ്ങും മറ്റൊരു കെട്ടിടം പോലുമില്ലാത്ത അന്നത്തെ ചന്തപ്പടി. പൊന്നാനി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങള്‍ കഴിഞ്ഞാല്‍ ചാണയില്‍ ഏ എം മെഡിക്കല്‍ സ്റ്റോര്‍, ഏ.വി.ഹൈസ്‌കൂളിനു മുന്നില്‍ സി.ജി.യുടെ ബേക്കറി , കഴിഞ്ഞു. ചമ്രവട്ടം ജംഗ്ഷന്‍ കുണ്ടുകടവ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഒരു പെട്ടിക്കടപോലും ഇല്ലാത്ത കാലം . ഈ കടകളിലൊന്നും വെള്ളക്കടലാസ് കിട്ടാത്ത കാലം. ഞാന്‍ ബാല്യം പിന്നിട്ട എഴുപതുകളുടെ ആദ്യ പകുതി വരെ ഇതാണ് സ്ഥിതി.

മന്ത്രിസഭ രാജിവെക്കും മുന്‍പ് കെ.എസ്.ആര്‍.ടി.സി.യില്‍ അതു വരെ താല്‍ക്കാലികമായി നിയമിച്ചവരുടെ കാര്യത്തില്‍ തീരുമാനമെടുക്കണം എന്ന വസ്തുത മുന്നില്‍ വന്നപ്പോള്‍ ഓര്‍ഡറെഴുതാന്‍ കടലാസില്ല . ‘ജോണേ ആ സിഗരറ്റും പെട്ടി താ ‘ എന്നു പറഞ്ഞ് പേര്‍സണല്‍ സെക്രട്ടറിയുടെ കയ്യിലെ കത്രിക മാര്‍ക്ക് സിഗരറ്റ് കൂട് പൊളിച്ച് ഉള്‍ഭാഗത്ത് ‘ഗതാഗത വകുപ്പില്‍ ഇതുവരെ താല്‍ക്കാലികമായി നിയമിച്ച എല്ലാവരെയും ഇതിനാല്‍ സ്ഥിരപ്പെടുത്തി ഉത്തരവാകുന്നു ‘ എന്നെഴുതി തീയതിയും സമയവും വെച്ച് മന്ത്രി ഇമ്പിച്ചിബാവ ഒപ്പിട്ടു.

കോടതിയില്‍ പിന്നീടത് ചോദ്യം ചെയ്യപ്പെട്ടു. മന്ത്രിയുടെ ഉത്തരവ് എന്തിലെഴുതി എന്നല്ല എന്തെഴുതി എന്നതാണ് കാര്യം എന്ന് കോടതി ആ ഉത്തരവിന് റാറ്റിഫിക്കേഷന്‍ നല്‍കി.
കാര്യം അതു മാത്രമല്ല, ആ നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും അവര്‍ണ്ണരും അധ:സ്ഥിതരുമായിരുന്നു. അതുവഴി അവരുടെ മക്കളുടെ തലമുറ ഭേദപ്പെട്ട വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷയും നേടി മുഖ്യധാരയില്‍ എത്തി. അച്ഛന്‍ അന്നു നിര്‍ത്തിയത്, ‘ നിയമം മനുഷ്യനു വേണ്ടിയാണ്; മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല ‘ എന്ന ഡോക്ട്രിന്‍ ഭരിച്ച രാഷ്ട്രീയ നേതാവായിരുന്നു ഇമ്പിച്ചിബാവ എന്നു പറഞ്ഞു കൊണ്ടായിരുന്നു എന്ന് ഞാനിപ്പോഴും ഓര്‍ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News