Gokulam Kerala: ഐ ലീഗ്; പുതിയ സീസണിലെ ഗോകുലം കേരള എഫ്‌സി ടീമിനെ പ്രഖ്യാപിച്ചു

ഐ ലീഗിന്റെ(I League) പുതിയ സീസണിലേക്കുള്ള ഗോകുലം കേരള എഫ്‌സി(Gokulam Kerala FC) ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ഗോകുലം കേരള ഉടമ ഗോകുലം ഗോപാലനാണ് പ്രഖ്യാപിച്ചത്. അര്‍ജന്റീനയില്‍ നിന്നുള്ള ജുവാന്‍ കാര്‍ലോസ് നെല്ലാര്‍, ബ്രസിലില്‍ നിന്നുള്ള എവെര്‍ട്ടന്‍ ഗുല്‍മാരെസ് എന്നിവര്‍ ഉള്‍പ്പെടെ ആറു വിദേശ താരങ്ങള്‍ ടീമിലുണ്ട്.

ഐ ലീഗില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം കേരള എഫ്‌സി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പന്തു തട്ടാനിറങ്ങുന്നത്. കാമറൂണില്‍ നിന്നുള്ള അമിനൗ ബാബയാണ് ടീമിന്റെ നായകന്‍. ആറു വിദേശ താരങ്ങള്‍ ഉള്ള ടീമില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ മലയാളി താരങ്ങള്‍ക്കാണ് പ്രാമുഖ്യം. 24 അംഗ സ്‌ക്വാഡില്‍ അര്‍ജന്റീനയില്‍ നിന്നുള്ള ജുവാന്‍ കാര്‍ലോസ് നെല്ലാര്‍, ബ്രസിലില്‍ നിന്നുള്ള എവെര്‍ട്ടന്‍ ഗുല്‍മാരെസ് എന്നിവര്‍ക്കു പുറമെ മലയാളികളായ അര്‍ജുന്‍ ജയരാജ്, നൗഫല്‍, മുഹമ്മദ് ജാസിം, ഷിജിന്‍ ടി എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. അഫ്ഗാന്‍ മിഡ്ഫീല്‍ഡര്‍ ഫര്‍ഷാദ് നൂര്‍, കാമറൂണ്‍ സ്വദേശികളായ സോമലാഗ, ഡോഡിന്‍ഡോ എന്നിവരും ടീമിലുണ്ട്. ടീമിന്റെ ഹോം ജഴ്‌സി ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പ്രകാശനം ചെയ്തു.

എവേ ജഴ്‌സിയുടെ പ്രകാശന കര്‍മ്മം മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ നിര്‍വഹിച്ചു. മുന്‍ ഫുട്‌ബോള്‍ താരം യു ഷറഫലി, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി പി അനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് ടോവയുടെ നേതൃത്വത്തില്‍ ഗോകുലം കഴിഞ്ഞ രണ്ടു മാസങ്ങളായി കോഴിക്കോടായിരുന്നു പരിശീലനം. ഈ മാസം 12 ന് വൈകീട്ട് 4:30 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അടിമുടി മാറിയ ടീം ഐ ലീഗില്‍ വലിയ പ്രതീക്ഷയായി മാറുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News