Argentina: മെസ്സിപ്പടയുടെ പ്രഖ്യാപനം തിങ്കളാഴ്ച

വമ്പന്‍ ടീമുകളെല്ലാം ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി കാല്‍പന്ത് കളി പ്രേമികളുടെ മുഴുവന്‍ ശ്രദ്ധ ലയണല്‍ സ്‌കലോനിയുടെ അര്‍ജന്റീനിയന്‍ സ്‌ക്വാഡിലേക്കാണ്. തിങ്കളാഴ്ചയാണ് മെസ്സിപ്പടയുടെ പ്രഖ്യാപനം.

അവസാന ലോകകപ്പിനിറങ്ങുന്ന ലിയോണല്‍ മെസിക്കും ഏഞ്ചല്‍ ഡി മരിയക്കുമെല്ലാംഏറെ കൊതിച്ച ഇതേവരെ പൂര്‍ത്തിയാകാത്ത ഒരു സ്വപ്നമുണ്ട്. കരിയറില്‍ ഒരു ലോകകപ്പ് സ്വന്തം രാജ്യത്തിന് നേടിക്കൊടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല. ഈ സ്വപ്നം സഫലമാക്കാന്‍ ഉറച്ചാണ് ലയണല്‍ സ്‌കലോനിയുടെ പരിശീലനത്തിന്‍ കീഴില്‍ മെസ്സിയും സംഘവും അറബ് നാട്ടില്‍ പോരിന് ഇറങ്ങുക. കഴിഞ്ഞ 35 മത്സരങ്ങളില്‍ ആല്‍ബിസെലസ്റ്റകള്‍ തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല.

3 മത്സരങ്ങളില്‍ കൂടി ജയം തുടര്‍ന്നാല്‍ വിജയക്കണക്കില്‍ അസൂറിപ്പടയുടെ റെക്കോര്‍ഡ് മെസ്സിപ്പട സ്വന്തമാക്കും.ലിയോണല്‍ മെസി സമ്മര്‍ദ്ദമേതുമില്ലാതെയാണ് അര്‍ജന്റീന ജഴ്‌സിയില്‍ കളിക്കുന്നത്. മൈതാനത്ത് പന്ത് കൊണ്ട് നൃത്തം വെക്കുന്ന സുന്ദരമായ നിമിഷങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് കാല്‍പന്ത് കളിയിലെ മിശിഹ. സൂപ്പര്‍ താരം ജിയോവാനി സെല്‍സോക്ക് പരുക്കേറ്റതാണ് അന്തിമ സ്‌ക്വാഡ് പ്രഖ്യാപനത്തിനൊരുങ്ങുന്ന സ്‌കലോനിയെ ആശയക്കുഴപ്പത്തിലാക്കുന്നത്.

എല്ലാ പൊസിഷനുകളിലും പ്രതിഭാസമ്പന്നരായ താരങ്ങളുടെ നിര തന്നെ ടീമിലുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള സ്‌കലോനി അര്‍ജന്റീനയെ വിജയികളുടെ സംഘമായി മാറ്റിയെടുത്തിട്ടുണ്ട്. പരേഡസ് , ഡീപോള്‍ തുടങ്ങി അജയ്യ സംഘത്തിലെ മിന്നും താരങ്ങളെല്ലാം സ്‌കലോനിയുടെ ലൈനപ്പിലുണ്ടാകും. ലോസെല്‍സോയുടെ പകരക്കാരനെയും കണ്ടെത്തും. ഈ മാസം 14നാണ് സ്‌കലോനി 26 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. അര്‍ജന്റീനയുടെ അന്തിമ സ്‌ക്വാഡില്‍ ആരൊക്കെ ഉണ്ടാകുമെന്നറിയാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് നാടെങ്ങുമുള്ള ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here