ADVERTISEMENT
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി(Kerala state film academy) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ(IFFK) ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. കോവിഡ് കാലത്തു നടന്ന രണ്ടുമേളകളില്‍നിന്നും വ്യത്യസ്തമായി രജിസ്‌ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തമാണ് രജിസ്‌ട്രേഷന്റെ ആദ്യമണിക്കൂറുകളില്‍ ദൃശ്യമായത്. മേളയിലെ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വിദ്യാര്‍ത്ഥി വിഭാഗത്തിന് ഇരട്ടി പാസുകള്‍ അനുവദിച്ചിട്ടുണ്ട്. 1500 പാസുകള്‍ അനുവദിച്ചിരുന്ന സ്ഥാനത്ത് 3000 എണ്ണമാണ് വിദ്യാര്‍ത്ഥി വിഭാഗത്തിന് നല്‍കുന്നത്.
14 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 11000ത്തോളം ഡെലിഗേറ്റുകള്‍ക്ക് പങ്കെടുക്കാം. www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. ഡെലിഗേറ്റ് ഫീ സര്‍ക്കാര്‍ നിശ്ചയിച്ചതു പ്രകാരമുള്ളതായിരിക്കും.
എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, മാസ്റ്റേഴ്‌സിന്റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റെട്രോസ്‌പെക്ടീവ് വിഭാഗം, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ പാക്കേജുകള്‍ 27ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.