നിലവിളിച്ച് നീലക്കിളി; തുനിഞ്ഞിറങ്ങി മസ്‌ക്

ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥ അവകാശം ഏറ്റെടുത്തത് മുതല്‍ നിരവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ട്വിറ്ററിലെ വേരിഫൈഡ് അക്കൗണ്ടുകളുടെ ബ്ലൂട്ടിക്കിന് പണം ഈടാക്കുമെന്ന് മസ്‌ക് അറിയിച്ചത് അമ്പരപ്പോടെയാണ് നമ്മള്‍ കേട്ടത്. അതിന്‌ശേഷം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വാര്‍ത്തയും വന്നതിന് പിന്നാലെ മറ്റൊരു നിര്‍ണായ തീരുമാനം കൂടി സ്വീകരിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.

ട്വിറ്റര്‍ ജീവനക്കാരുടെ വീട്ടിലിരുന്നുള്ള ജോലി അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് മസ്‌ക്. 2020 മേയിലാണ് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് എത്രനാള്‍ വേണമെങ്കിലും ഓഫീസില്‍ ഹാജരാകാതെ ജോലിചെയ്യാന്‍ അനുവാദം നല്‍കിയത്. എന്നാല്‍ ഇനി വര്‍ക്ക് ഫ്രം ഹോം വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് മസ്‌ക്.

ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചു. ദുഷ്‌കരമായ സമയമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം ട്വിറ്ററിന്റെ പരസ്യവരുമാനത്തെ ബാധിക്കാന്‍ പോവുകയാണെന്ന് മസ്‌ക് പറഞ്ഞു.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കിടെ കമ്പനിയിലെ പകുതിയോളം പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. അതിനിടെ ട്വിറ്ററില്‍ നിന്ന് പരസ്യദാതാക്കള്‍ കൂട്ടത്തോടെ പിന്‍മാറിയത് വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പരിമിതമായ ഡെഡ്ലൈനുകള്‍ നല്‍കി വലിയ മാറ്റങ്ങള്‍ ട്വിറ്ററില്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശമാണ് ടീമംഗങ്ങള്‍ക്ക് മസ്‌ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അധികസമയം ജോലി ചെയ്യാനും മസ്‌ക് നിര്‍ദേശിക്കുന്നുണ്ട്.

മാസങ്ങള്‍ നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗര്‍വാള്‍, ഫിനാന്‍സ് മേധാവി നെഡ് സെഗാള്‍, മുതിര്‍ന്ന് നിയമ ഉപദേശകരായ വിജയ ഗദ്ദെ, സീന്‍ എഡ്‌ഗെട്ട് എന്നിവരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിന് ഇനി എന്ത് സംഭവിക്കുമെന്നാണ് ലോകം മുഴുവന്‍ നോക്കിക്കൊണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News