ഒന്നല്ല, 4 വർഷത്തെ ചെലവ് നോക്കാം; മലയാളി വിദ്യാർത്ഥിനിയ്ക്ക് സഹായഹസ്തവുമായി അല്ലു അര്‍ജുന്‍

മലയാളി വിദ്യാർത്ഥിനിയ്ക്ക് സഹായഹസ്തവുമായി അല്ലു അര്‍ജുന്‍. ആലപ്പു‍ഴ കളക്ടർ കൃഷ്ണ തേജയാണ് തൻെറ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്ലസ്ടുവിനു 92 ശതമാനം മാർക്ക് നേടിയ ഒരു കുട്ടി തന്നെ കാണാൻ വന്നിരുന്നെന്നും എന്നാൽ കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചതിനാൽ തുടർ പഠനത്തിനു സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കുട്ടിയുടെ ആവശ്യം കേട്ടയുടനെ വീ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി സഹായം ഉറപ്പിക്കാനൊരുങ്ങുകയായിരുന്നു കളക്ടർ.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള്‍ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.

ഈ മോളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാൽ വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു.
നഴ്‌സ് ആകാനാണ് ആഗ്രഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്‌മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു.

നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്‌പോണ്‍സര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ.Allu Arjun നെ വിളിക്കുകയും കേട്ട പാടെ തന്നെ ഒരു വർഷത്തെയല്ല മറിച്ച് നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്സായി മാറും. ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെൻറ് തോമസ് കോളേജ് അധികൃതര്‍, പഠനത്തിനായി മുഴുവൻ തുകയും നൽകി സഹായിക്കുന്ന ശ്രീ. Allu Arjun, വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍കുന്ന നിങ്ങൾ എല്ലാവര്‍ക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News