Marayoor: റോഡില്‍ ഗതാഗതം മുടക്കുന്നത് പതിവാക്കി മറയൂരിലെ ഒറ്റക്കൊമ്പന്‍

റോഡില്‍ നിലയുറപ്പിച്ച് ഗതാഗതം മുടക്കുന്നത് പതിവാക്കി ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള മറയൂരിലെ കാട്ടാന(Marayoor elephant). കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശിയെ ആന കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതോടെ ആറ് വര്‍ഷത്തിനിടെ ഇതേ ആന കൊലപ്പെടുത്തിയവരുടെ എണ്ണം നാലായി.

തിരുവനന്തപുരം(Thiruvananthapuram) പഴനി സൂപ്പര്‍ഫാസ്റ്റിന് മുന്നിലാണ് ഒറ്റക്കൊമ്പന്റെ മണിക്കൂറുകളോളം നീണ്ട അഭ്യാസ പ്രകടനം. ബസിന് മുന്നില്‍ നിലയുറപ്പിച്ച കാട്ടുകൊമ്പന്‍ പലകുറി വശങ്ങളിലെത്തി തുമ്പിക്കൈ വീശി. മുന്നിലേക്കെത്തിയപ്പോഴൊക്കെ ഡ്രൈവര്‍ ബസ് പിറകിലേക്കെടുത്ത് അപകടം ഒഴിവാക്കി.

പുല്ല് മേഞ്ഞു തീരുന്നതു വരെ റോഡിലൂടെ ഒരു വാഹനവും കടന്നു പോകാന്‍ അനുവദിച്ചുമില്ല. കൊമ്പന്റെ സാന്നിധ്യം കണ്ടപ്പോള്‍ മുതല്‍ ഒട്ടേറെ വാഹനങ്ങള്‍ ഇരുവശങ്ങളിലുമായി നിരന്നു. ശാന്തനായിരുന്നതിനാല്‍ ആളുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ഉപദ്രവമുണ്ടായില്ല. ഒടുവില്‍ ആന കുന്നിന്‍ മുകളില്‍ കയറി നില്‍പ്പുറപ്പിച്ചതോടെയാണ് വാഹനങ്ങള്‍ കടന്നു പോയി തുടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആന നിരവധി വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

തൊട്ടടുത്ത ദിവസമാണ് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയെ കുത്തി കൊലപ്പെടുത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി അടുത്തേക്കെത്തിയതോടെ ആന പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. ഒറ്റയാന്‍ രാത്രികാലങ്ങളിലും പകല്‍ സമയത്തും നാടു റോഡില്‍ തന്നെ കാണുന്നതിനാല്‍ നിരീക്ഷിക്കാന്‍ വനപാലകര്‍ പട്രോളിങ് നടത്തുന്നുണ്ട്. ആറു വര്‍ഷത്തിനിടെ മറയൂര്‍ മേഖലയില്‍ നിന്നുള്ള നാല് പേരുടെ ജീവനാണ് ഒറ്റക്കൊമ്പനെടുത്തത്. ആനക്കൂട്ടങ്ങളില്‍ കൂടാതെ തനിച്ചാണ് സഞ്ചാരം. ചിന്നാര്‍ അതിര്‍ത്തി മേഖലയായ മറയൂരിലെ സ്വകാര്യഭൂമിയിലും പുനരധിവാസ കോളനിയിലും ആണ് ആനയെ സ്ഥിരമായി കാണപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here