Reservation Quota; പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 77 ശതമാനമാക്കി ജാര്‍ഖണ്ഡ്

നിര്‍ണായകമായ രണ്ട് ബില്ലുകള്‍ ഐക്യകണ്‌ഠേന പാസാക്കി ജാര്‍ഖണ്ഡ് നിയമസഭ. ആദ്യത്തെ ബില്‍ വിവിധ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഒഴിവുള്ള സര്‍ക്കാര്‍ ജോലികളിലേക്കുള്ള സംവരണം 77 ശതമാനമാക്കി വര്‍ധിപ്പിക്കുന്നതാണ്. രണ്ടാമത്തേത് തദ്ദേശവാസികള്‍ക്ക് സ്ഥിര താമസക്കാരാണെന്ന് അവകാശത്തിനുള്ള തെളിവായി 1932 ലെ ഭൂരേഖ പരിധിയായി നിശ്ചയിച്ചുകൊണ്ടുള്ള ബില്ലാണ്.

ജുഡീഷ്യല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ബില്ലുകള്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരുകയുള്ളുവെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനമാണ് എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങള്‍ക്കുള്ള സംവരണം 60ല്‍നിന്ന് 77 ആക്കി ഉയര്‍ത്തി, ജാര്‍ഖണ്ഡ് റിസര്‍വേഷന്‍ ഓഫ് വേക്കന്‍സീസ് ഇന്‍ പോസ്റ്റ് ആന്‍ഡ് സര്‍വിസസ് ആക്ട് 2001 ഭേദഗതി പാസാക്കിയത്.

ഭേദഗതി ബില്‍ പ്രകാരം പട്ടികജാതിക്കാര്‍ക്ക് 12 ശതമാനം, പട്ടികവിഭാഗത്തിന് 28 ശതമാനം, പിന്നാക്ക വിഭാഗത്തിന് (ഇ.ബി.എസ്) 15 ശതമാനം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി) 12 ശതമാനം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം എന്നിങ്ങനെയാണ് സംവരണം ലഭിക്കുക. നിലവില്‍ പട്ടികജാതിക്കാര്‍ക്ക് 10 ശതമാനവും പട്ടികവിഭാഗത്തിന് 26 ശതമാനവുമാണ് സംവരണം ലഭിച്ചിരുന്നത്.

എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളിലും കോളേജുകളിലും ഈ സംവരണം ബാധകമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, ജാര്‍ഖണ്ഡില്‍ സംസ്ഥാന ജനസംഖ്യയുടെ 65 ശതമാനത്തിലധികം ഒ.ബി.സി, എസ്.ടി വിഭാഗങ്ങളാണ്. ഭേദഗതിയെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സുരക്ഷാ കവചം എന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിശേഷിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News