ADVERTISEMENT
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടന(United Nations). മീഥെയ്ന്‍ അലര്‍ട്ട് ആന്‍ഡ് റെസ്‌പോണ്‍സ് സംവിധാനം(Methane Alert and Response System) അടുത്തവര്‍ഷം നിലവില്‍വരും. ഈജിപ്തില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ യുഎന്‍ പരിസ്ഥിതി പരിപാടിയാണ് ഇക്കാര്യം അറിയിച്ചത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ സംബന്ധിച്ച കൃത്യവും സുതാര്യവുമായ വിവരം ലഭ്യമാക്കുകയും പുറന്തള്ളല്‍ കുറയ്ക്കാന്‍ കമ്പനികളെ സഹായിക്കുകയുമാണ് ലക്ഷ്യം.
നാസയുടെയും യൂറോപ്യന്‍, ജര്‍മന്‍, ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സികളുടെയും കൃത്രിമോപഗ്രഹങ്ങള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ വിശകലനം ചെയ്താണ് നിര്‍ദേശങ്ങള്‍ നല്‍കുക. ഭാവിയില്‍ സ്വകാര്യ കമ്പനികളുടെ കൃത്രിമോപഗ്രഹങ്ങളുടെ പഠനങ്ങളും ഉപയോഗപ്പെടുത്തും. വിവരങ്ങള്‍ ലഭ്യമായാല്‍ കമ്പനികളെ അറിയിക്കുകയും 45 മുതല്‍ 75 ദിവസത്തിനുള്ളില്‍ യുഎന്‍ പരിസ്ഥിതി പരിപാടി സമഗ്ര റിപ്പോര്‍ട്ടായി ഇവ പുറത്തുവിടുകയും ചെയ്യും. വിവരം പരസ്യമാകുംമുമ്പ് മീഥെയ്ന്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കമ്പനികള്‍ക്ക് സമയം ലഭിക്കുമെന്നു സാരം.
അടുത്തവര്‍ഷത്തിന്റെ രണ്ടാംപാതിയില്‍ ആദ്യ റിപ്പോര്‍ട്ട് പുറത്തിറക്കും. കന്നുകാലി ഫാമുകള്‍, നെല്‍ക്കൃഷി എന്നിവയുടെ ഭാഗമായുണ്ടാകുന്ന മീഥെയ്ന്‍ ബഹിര്‍ഗമനവും റിപ്പോര്‍ട്ടില്‍ ഇടംപിടിക്കും. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ച് ആഗോളതാപനം 1.5 ഡിഗ്രിയായി കുറയ്ക്കാന്‍ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ തീരുമാനമായിരുന്നു. ഇതിന്റ ഭാഗമായാണ് നടപടി. എന്നാല്‍, ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ കമ്പനികളെയും രാജ്യങ്ങളെയും നിര്‍ബന്ധിക്കാന്‍ നടപടി ഉണ്ടാകില്ല എന്നത് പോരായ്മയായി തുടരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.