Shah Rukh Khan: ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ(Shah Rukh Khan) മുംബൈ വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലധികം തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍താരത്തിന്റെ സംഘം കൈവശം വച്ചിരുന്ന കോടികള്‍ വില മതിക്കുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചതായി കസ്റ്റംസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൂപ്പര്‍താരം ഉള്‍പ്പടെയുള്ള സംഘത്തെ മുഴുവന്‍ തടഞ്ഞു വച്ചത്.

ഒരു മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷം നടന്‍ തന്റെ മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പം വിമാനത്താവളത്തിന് പുറത്തേക്ക് വന്നെങ്കിലും കിംഗ് ഖാന്റെ അംഗരക്ഷകന്‍ രവിയും കൂട്ടാളികളും വിമാനത്താവളത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. വിലകൂടിയ വാച്ചുകളും ആഡംബര ബാഗുകളും ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ച ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിംഗ് ഖാന്‍ തന്റെ സ്വകാര്യ ചാര്‍ട്ടര്‍ വിമാനത്തിലാണ് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോയി അര്‍ദ്ധരാത്രിയോടെ മുംബൈയിലേക്ക് മടങ്ങിയത്. മടക്കയാത്രയില്‍ ഷാരൂഖ് ഖാന്റെ സംഘം വിലകൂടിയ വാച്ചുകള്‍ കൈവശം വച്ചിരുന്നതായാണ് കണ്ടെത്തിയത് . കസ്റ്റംസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സൂപ്പര്‍താരം ഉള്‍പ്പടെയുള്ള സംഘത്തെ മുഴുവന്‍ തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു ..

റോളക്‌സ്, സ്പിരിറ്റ് (ഏകദേശം 8 ലക്ഷം രൂപ വിലയുള്ളത്), ആപ്പിള്‍ എന്നീ രാജ്യാന്തര ബ്രാന്‍ഡുകളുടെ അതിമനോഹരവും വിലകൂടിയതുമായ വാച്ചുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നികുതിയും ഡ്യൂട്ടിയും വിലയിരുത്തിയ കസ്റ്റംസ് സംഘം, ഇറക്കുമതി ചെയ്ത വാച്ചുകള്‍ക്ക് 17.60 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് നിഗമനം ചെയ്തു. പിന്നീട് കോടികള്‍ വിലമതിക്കുന്ന വാച്ചുകള്‍ക്ക് നികുതി അടച്ചതായി ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.

ഷാരൂഖിന്റെ അംഗരക്ഷകനെ രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തി, കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെയാണ് വിട്ടയച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here