M B Rajesh: തദ്ദേശസ്ഥാപനങ്ങള്‍ സേവനങ്ങള്‍ വേഗത്തില്‍ നല്‍കണം: മന്ത്രി എം ബി രാജേഷ്

തദ്ദേശസ്ഥാപനങ്ങള്‍ സേവനങ്ങള്‍ നീതിയുക്തമായി വേഗത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി എം ബി രാജേഷ്(M B Rajesh). യോഗത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതം വിനിയോഗിക്കുന്നത് സംബന്ധിച്ച പുരോഗതി വിലയിരുത്തി. സാമ്പത്തികവര്‍ഷം പകുതിയായപ്പോള്‍ ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പദ്ധതിവിഹിതത്തില്‍ 21.25 ശതമാനം വിനിയോഗിച്ചിട്ടുണ്ട്. പദ്ധതിവിഹിതം വിനിയോഗിച്ചതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലയെ മന്ത്രി അഭിനന്ദിച്ചു. തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള എ ബി സി പദ്ധതി തദ്ദേശഭരണസ്ഥാപനങ്ങള്‍ ഗൗരവമായി എടുക്കണം. സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും അതൊന്നും തന്നെ പ്രാദേശിക സര്‍ക്കാരുകളായി കണക്കാക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരളം തദ്ദേശകം 2.0 യുടെ ഭാഗമായി കണിച്ചുകുളങ്ങരയില്‍ വിളിച്ച തദ്ദേശസ്ഥാപന പ്രതിനിധികളുടെ ജില്ലാതല അവലോകന യോഗത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അതിദാരിദ്ര്യം കണ്ടെത്തുന്ന പ്രക്രിയയിലൂടെ ജില്ലയില്‍ 3613 കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. 49 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും അവകാശ രേഖകള്‍ നല്‍കിക്കഴിഞ്ഞു. ലൈഫ് 2020 പദ്ധതിയില്‍ ആനുകൂല്യം വിതരണം ചെയ്യുമ്പോള്‍ അതിദരിദ്രപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷനായി. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ വി പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മനസോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിക്കായി പത്ത് ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ഭൂമി നല്‍കിയ കൃഷ്ണപുരം എസ്എന്‍ വില്ലയിലെ എം സഹദേവനെ ആദരിച്ചു. മികച്ച പഞ്ചായത്ത് സെക്രട്ടറിയായ വീയപുരം പഞ്ചായത്ത് സെക്രട്ടറി എസ് ബാബുക്കുട്ടന്‍ നായര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റ് കൈമാറി.

പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി പി സംഗീത, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സജീവന്‍, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ഡി മഹീന്ദ്രന്‍, ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി എസ് താഹ എന്നിവര്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, എഡിഎം എസ് സന്തോഷ് കുമാര്‍, അര്‍ബന്‍ ഡയറക്ടര്‍ അരുണ്‍ കെ വിജയന്‍, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുദര്‍ശനഭായി, അഡീഷണല്‍ ഡെവലപ്മെന്റ് കമീഷണര്‍ അബ്ദുല്‍ സലീം, ദക്ഷിണ മേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ ശോഭന കുമാരി, എല്‍ഐഡി ആന്‍ഡ് ഇഡബ്ല്യൂ, എല്‍എസ്ജിഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ ആര്‍ സുന്ദര്‍ലാല്‍, പഞ്ചായത്ത് ഉപഡയറക്ടര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here