Kairali T V Phoenix Award: തോല്‍ക്കാന്‍ മനസില്ലാതെ ജീവിതത്തോട് പൊരുതി വിജയിച്ച കൃഷ്ണകുമാര്‍

2022ലെ കൈരളി ടി വി ഫീനിക്‌സ് അവാര്‍ഡുകള്‍(Kairali T V Phoenix Award) പ്രഖ്യാപിച്ചു. പുരുഷ വിഭാഗം പുരസ്‌കാരം കൃഷ്ണകുമാര്‍ പി എസ് സ്വന്തമാക്കി.  നടന്‍ മമ്മൂട്ടി പുരസ്‌കാരം വിതരണം ചെയ്തു.
തോല്‍ക്കാന്‍ മനസില്ലാതെ ജീവിതത്തോട് പൊരുതി ജയിച്ചയാളാണ് കൃഷ്ണകുമാര്‍. ഈ ചെറുപ്പക്കാരന് വയസ്സ് 37. ഇഷ്ടംപോലെ അനക്കാനാവുന്ന ശരീരഭാഗങ്ങള്‍ കണ്‍പോളകളും കൃഷ്ണമണികളും ചുണ്ടുകളും നാക്കും മാത്രം. മൂന്നരപ്പതിറ്റാണ്ടായി ഈ ജീവിതം ഈ നിലയില്‍.

എങ്കിലെന്ത്, ആ കണ്ണുകള്‍കൊണ്ട് കൃഷ്ണകുമാര്‍ വായിക്കും. ആ ചുണ്ടുകളും ആ നാവും കൊണ്ടു സംസാരിക്കും. അതിനായി സ്‌കൂളുകളിലേയ്ക്കും കോളേജുകളിലേയ്ക്കും ഹാളുകളിലേയ്ക്കും മൈതാനങ്ങളിലേയ്ക്കും പോകും. ചക്രക്കസേരയില്‍ വേദിയില്‍ക്കയറും. കിടന്നകിടപ്പില്‍ ചുണ്ടുകള്‍മാത്രം അനക്കി സംസാരിക്കും. ഒന്നു മുതല്‍ രണ്ടു വരെ മണിക്കൂര്‍ നീളുന്ന പ്രഭാഷണങ്ങള്‍! ഇരുന്നൂറിലേറെ വേദികള്‍ പിന്നിട്ടു. വായനയിലൂടെ കിട്ടിയ അറിവു മുഴുവന്‍ ആറ്റിക്കുറുക്കിയ ആ വാഗ്‌ധോരണി ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യാശ പകരുന്നു; അല്ലാത്തവര്‍ക്കു വിവേകവും.

ജനിച്ച് എട്ടാം മാസത്തില്‍ ഈ ശരീരം തളരാന്‍ തുടങ്ങിയതാണ്. പതുക്കെപ്പതുക്കെ മിക്ക അവയവങ്ങളും പ്രവര്‍ത്തനരഹിതമായി. ‘സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി’യാണ് രോഗമെന്ന് വ്യക്തമായി. ഒരു ചികിത്സയുമില്ല അതിന്. കൃഷ്ണകുമാറിന് ആറു വയസ്സുള്ളപ്പോള്‍ ജനിച്ച അനിയത്തി ദേവികയും എട്ടാം മാസം ഇതേ രോഗത്തിന്റെ പിടിയിലായി. താങ്ങും തണലുമായിരുന്ന അച്ഛന്‍ പത്തു കൊല്ലം മുമ്പ് വാഹനാപകടത്തില്‍ മരിച്ചു. അതേ അപകടം അനിയത്തിയെയും കൊണ്ടുപോയി. അമ്മയും കൃഷ്ണകുമാറും പരുക്കുകളോടെ ആ അപകടത്തെ അതിജീവിച്ചു.

കൃഷ്ണകുമാര്‍ 17 വയസ്സുവരെയേ ജീവിക്കൂ എന്നാണ് വൈദ്യശാസ്ത്രം വിധിച്ചത്. പക്ഷേ, എണ്ണപ്പെട്ട ദിവസങ്ങളെ വെല്ലുവിളിച്ചെന്നോണം വായനക്കാരനായി. പുസ്തകത്താളുകള്‍ ആരെങ്കിലും മറിച്ചുകൊടുക്കും. കിടന്നകിടപ്പില്‍ വായിക്കും. പിന്നീട് കിന്‍ഡിലിലൂടെയായി വായന. ആ വായനക്കാരനാണ് പില്ക്കാലത്ത് വേദികളിലെ പ്രചോദനപ്രഭാഷകനായത്. മരണമോ, ആ നിശ്ചയദാര്‍ഢ്യത്തെ തൊടാന്‍ അറച്ചുനിന്നു.

ഇന്ന് രോഗിയും അവശനുമല്ല കൃഷ്ണകുമാര്‍. അഞ്ഞൂറിലേറെ സമാനരെ നയിക്കുന്ന ‘മൈന്‍ഡ്’ എന്ന സംഘടനയുടെ വൈസ് ചെയര്‍മാനാണ്-തളര്‍ന്നവരുടെ തളരാത്ത നായകന്‍. അനക്കമറ്റവരുടെ അപരാജിതമായ നാവ്. ശബ്ദമിടറിപ്പോയവരുടെ മുഴങ്ങുന്ന ശബ്ദം. ഇത്തവണ കൈരളി ടി വി ഫീനിക്‌സ് പുരുഷ വിഭാഗം പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത് കൃഷ്ണകുമാറിനെ ആണ്. അതിജീവനത്തിന്റെ ആവേശസന്ദായകമായ സാര്‍ത്ഥകജീവിതമാണ് അദ്ദേഹത്തിന്റേത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here