ഓർഡിനൻസ്‌ രാജ്‌ഭവനിൽ ; ഗവർണറുടെ തീരുമാനം കാത്ത് കേരളം | Arif Mohammad Khan

സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓഡിനൻസിൽ ആരിഫ്മുഹമ്മദ് ഖാൻറെ തീരുമാനം കാത്ത് കേരളം. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറയുമ്പോ‍ഴും ഇതിന് നിയമപരമായ നിലനിൽപ്പില്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന സർക്കാരിനു കീഴിലെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ അക്കാദമിക്‌ രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് സർക്കാർ രാജ്ഭവന്‌ കൈമാറി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് അംഗീകാരത്തിനായി ഗവർണർക്കു സമർപ്പിച്ചത്.

നിലവിൽ ഗവർണറാണ്‌ ചാൻസലർ. ശനിയാഴ്ച ഡൽഹിയിലേക്ക്‌ പോയ ഗവർണർ ഇരുപതിനേ തിരിച്ചെത്തൂ. മടങ്ങിവന്നശേഷമേ നടപടിയുണ്ടാകൂവെന്നാണ്‌ രാജ്‌ഭവൻ നൽകുന്ന സൂചന.ഓർഡിനൻസിൽനിന്ന്‌ സർക്കാർ പിന്നോട്ട്‌ പോകുന്നുവെന്ന മാധ്യമ അഭ്യൂഹങ്ങൾ ഇതോടെ അസ്ഥാനത്തായി.

പതിനാലു സർവകലാശാലയിലും ചാൻസലർമാരായി അക്കാദമിക് രംഗത്തെ വിദഗ്ധരെ നിയമിക്കും. രണ്ടാം പിണറായി സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നടത്തുന്ന വിവിധ പദ്ധതികളെ വേഗത്തിലാക്കാനും വികസനത്തിനുള്ള തടസ്സങ്ങൾ ഒഴിവാക്കാനും ഇതുമൂലം കഴിയും. രാഷ്ട്രപതിയുടെ ഉപദേശംകൂടി സ്വീകരിച്ചേ ഒപ്പിടൂവെന്ന്‌ ഗവർണർ നേരത്തേ മാധ്യമങ്ങളോട്‌ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ്‌ കാണാതെ ഗവർണർ അഭിപ്രായം പറഞ്ഞത്‌ വിവാദമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here