ADVERTISEMENT
മൂന്നാർ- കുണ്ടള റോഡിൽ മണ്ണിടിച്ചിലിൽ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെ അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വട്ടവട റോഡിന് അരകിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കാട്ടാനശല്യവും കനത്ത മഴയും മൂലം നിർത്തിവെച്ച തിരച്ചിൽ രാവിലെ ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു.വിനോദസഞ്ചാരത്തിനെത്തിയ രൂപേഷ് ഇന്നലെ വൈകീട്ടാണ് അപകടത്തിൽപ്പെട്ടത്. മൂന്നാർ മേഖലയിൽ ടോപ്പ് സ്‌റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.
കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുൾ പൊട്ടലിലും കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ മിനിബസ് കൊക്കയിലേക്ക് ഒഴുകിപ്പോയി. ബസിൽ 11 പേരാണുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന രൂപേഷ് ഒഴികെയുള്ളവർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ബസ് 750 മീറ്റർ താഴെനിന്ന് കണ്ടെത്തുകയായിരുന്നു. മിനി ബസ് നിശ്ശേഷം തകർന്ന നിലയിലാണ്. വടകരയിൽനിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്‌റ്റേഷൻ സന്ദർശിച്ച് അണക്കെട്ട് കാണാൻ വരികയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.