Mumbai: കേരള ഗവര്‍ണക്കെതിരെ മുംബൈയില്‍ പ്രതിഷേധ ധര്‍ണ

സര്‍വ്വകലാശാലകള്‍ കയ്യേറാന്‍ ഫാസിസ്റ്റ് ശക്തികളെ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി കേരള ഗവര്‍ണറുടെ(Governor) അട്ടിമറി നീക്കങ്ങള്‍ക്കെതിരെ മുംബൈയില്‍(Mumbai) പ്രതിഷേധ ധര്‍ണ നടന്നു. ഫാസിസ്റ്റ് വ്യവസ്ഥകളിലൂടെ സംസ്ഥാനത്തിന്റെ ഭരണാധികാരത്തില്‍ കടന്നാക്രമണം നടത്തുന്ന കേരള ഗവര്‍ണ്ണറുടെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് മുംബൈയില്‍ ഉയര്‍ന്ന് കേട്ടത്.

മുംബൈ ആസാദ് മൈതാനത്ത് സംഘടിപ്പിച്ച ധര്‍ണയില്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആര്‍ കൃഷ്ണന്‍, സി പി ഐ എം താനെ ജില്ലാ താലൂക് സെക്രട്ടറി പി കെ ലാലി, മാത്യു തോമസ്, റീന സന്തോഷ്, നാരായണന്‍, വത്സന്‍ മൂര്‍ക്കോത്ത്, ജീവന്‍രാജ്, കെ. പവിത്രന്‍, ശൈലേന്ദ്ര കാംബ്ളെ, ഡോ. എസ്.കെ. രഗെ, രാംദാസ്, ആര്‍ദ്ര, രാജന്‍ നായര്‍, എം. രാമചന്ദ്രന്‍, അലി, അന്‍സാര്‍ അലി, ആര്‍.ഡി. ഹരികുമാര്‍, ടി.വി.കെ. അബ്ദുള്ള, കെ.കെ. പ്രകാശന്‍, പി.ആര്‍. മധു, എന്നിവരും സംസാരിച്ചു.

മുംബൈ കേരളൈറ്റ്സ് ഫോര്‍ സെക്കുലറിസം എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ശനിയാഴ്ച നാലുമുതല്‍ ആറുവരെ പ്രതിഷേധധര്‍ണ സംഘടിപ്പിച്ചത്. സി.ഐ.ടി.യു. നേതാവ് പി.ആര്‍. കൃഷ്ണന്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. കേരള ഗവര്‍ണര്‍ ആര്‍ എസ് എസ് പ്രചാരകനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി ആര്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി . ഇതിനെതിരെയാണ് പ്രവാസികള്‍ പ്രതിഷേധിക്കുന്നതെന്നും പി ആര്‍ പറഞ്ഞു. ഭരണഘടനക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ പിന്തുടരുന്നതെന്നും പി ആര്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തെയും മതേതരമൂല്യങ്ങളെയും ഇല്ലാതാക്കി സംസ്ഥാനത്തിന്റെ ഭരണത്തില്‍ കടന്നാക്രമണം നടത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പറഞ്ഞു. മലയാളികള്‍ മാത്രമല്ല ഇതര ഭാഷക്കാരടക്കമുള്ളവരാണ് മുംബൈയില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത് കേരള ജനതക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചതെന്ന് സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി കെ ലാലി പറഞ്ഞു. ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ലെന്നാണ് കേരളീയ കേന്ദ്ര സംഘടന ജനറല്‍ സെക്രട്ടറി മാത്യു തോമസ് പറയുന്നത്. പ്രവാസികള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന പല നടപടികളും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായി കൊണ്ടിരിക്കുകയാണെന്നും മാത്യു തോമസ് പറഞ്ഞു.

ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു കൊണ്ടാണ് കേരള ഗവര്‍ണര്‍ തന്റെ കൈയിലില്ലാതെ അധികാരങ്ങള്‍ പ്രയോഗിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ വത്സന്‍ മൂര്‍ക്കോത്ത് പറഞ്ഞു . ജനപങ്കാളിത്തോട് കൂടിയുള്ള ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മൂര്‍ക്കോത്ത് വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ കാറ്റില്‍ പറത്തി ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തേയും മതേതര മൂല്യങ്ങളേയും ഇല്ലാതാക്കുന്ന, ഫാസിസ്റ്റു വ്യവസ്ഥകളിലൂടെ സംസ്ഥാനത്തിന്റെ ഭരണാധികാരത്തില്‍ കടന്നാക്രമണം നടത്തുന്ന കേരള ഗവര്‍ണ്ണറുടെ നടപടികള്‍ക്കെതിരെയാണ് മുംബൈയില്‍ നടന്ന ധര്‍ണ ശബ്ദമുയര്‍ത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel