മുംബൈയിലെ(Mumbai) തിരക്കിട്ട ജീവിതത്തിനിടയിലും സമയം കണ്ടെത്തി ഇരുപതോളം വാദ്യകലാകാരന്മാരാണ് തായമ്പകയിലും ചെണ്ട മേളത്തിലും അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത മേള വിദ്വാന്മാരായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെയും പനമണ്ണ ശശിയുടെയും സാന്നിധ്യത്തിലായിരുന്നു അരങ്ങേറ്റം നടന്നത്. വാദ്യമേളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന മുംബൈയിലെ ആദ്യ വനിതയായി ദൃശ്യയും ചരിത്രത്തില്‍ ഇടം നേടി.
ADVERTISEMENT
മുംബൈയിലെ അറിയപ്പെടുന്ന വാദ്യകലാകാരന്‍ അനില്‍ പൊതുവാളിന്റെ കീഴില്‍ ചെണ്ട അഭ്യസിക്കുന്ന ശിഷ്യരുടെ അരങ്ങേറ്റ ചടങ്ങുകള്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. വലം കയ്യിലെ ചെണ്ടക്കോലും ഇടംകൈ വിരലുകളും തായമ്പകയുടെ താള പ്രപഞ്ചം തീര്‍ത്തപ്പോള്‍ വാദ്യകുലപതികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി കല്യാണിലെ അയ്യപ്പ ക്ഷേത്ര സന്നിധി. ക്ഷേത്രകലാവാദ്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ചെര്‍പ്പുളശ്ശേരി അനില്‍ പൊതുവാളിന്റെ കീഴില്‍ ചെണ്ട അഭ്യസിക്കുന്ന ശിഷ്യരുടെ അരങ്ങേറ്റത്തിനാണ് ക്ഷേത്രാങ്കണം വേദിയായത്.
ഒരു വാദ്യകലാകാരനെന്ന നിലയില്‍ അഭിമാനിക്കാവുന്ന നിമിഷങ്ങളാണിതെന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പറഞ്ഞു. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ മുംബൈയില്‍ വാദ്യകലയെ സജീവമായി നിലനിര്‍ത്തുന്നതില്‍ അനില്‍ പൊതുവാള്‍ വഹിക്കുന്ന പങ്കിനെ പനമണ്ണ ശശി പ്രകീര്‍ത്തിച്ചു. അറുപത്തി ഏഴാം വയസ്സിലും തായമ്പകയില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വിശ്വനാഥന്‍ അയ്യര്‍. കഴിഞ്ഞ 18 വര്‍ഷമായി തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് മേളം ആസ്വദിക്കാന്‍ വേണ്ടി മാത്രമാണെന്ന് അയ്യര്‍ പറഞ്ഞു. മുംബൈയിലെ തിരക്കിട്ട ജീവിതമാണ് അരങ്ങേറ്റം വൈകാന്‍ കാരണമായി വിശ്വനാഥന്‍ അയ്യര്‍ ചൂണ്ടിക്കാട്ടിയത്.
മുംബൈയില്‍ വാദ്യമേളത്തില്‍ അരങ്ങേറ്റം കുറിച്ച ആദ്യ വനിതയായി ദൃശ്യയും ചരിത്രത്തില്‍ ഇടം നേടി. വാദ്യകുലപതികളുടെ സാന്നിധ്യത്തില്‍ അരങ്ങേറ്റം കുറിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദൃശ്യ പറഞ്ഞു. പതിഞ്ഞ താളത്തില്‍ കൊട്ടിക്കയറുന്ന 8 വയസ്സുകാരന്‍ ശ്രീറാമിന്റെ അരങ്ങേറ്റവും വിസ്മയക്കാഴ്ചയായി.
മുംബൈയില്‍ മുന്നൂറോളം ശിഷ്യ സമ്പത്തുള്ള അനില്‍ പൊതുവാളിന് ഇത് മറ്റൊരു ധന്യ മുഹൂര്‍ത്തം. പനമണ്ണ ശശിയും രാഹുല്‍ നായരും ഡബിള്‍ തായമ്പകയില്‍ കൊട്ടിക്കയറിയതോടെ ക്ഷേത്രാങ്കണം വാദ്യലഹരിയില്‍ ആറാടുകയായിരുന്നു. പതികാലത്തില്‍ തുടങ്ങി ഇരികിടയില്‍ പ്രയോഗിച്ചിറങ്ങിയ തായമ്പക ആസ്വാദകരില്‍ ആവേശം പകര്‍ന്നാടി. ഇരുപതോളം പേരാണ് തായമ്പകയിലും ചെണ്ട മേളത്തിലുമായി അരങ്ങേറ്റം കുറിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.