Twenty 20: രണ്ടാം ടി20 ലോക കിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 138 റണ്‍സ്

ടി20 ലോകകപ്പ് കിരീടത്തില്‍ രണ്ടാം മുത്തം ചാര്‍ത്താന്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വേണ്ടത് 138 റണ്‍സ്. ഫൈനലില്‍ ടോസ് നേടി ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് കണ്ടെത്തിയത്.

ആദ്യം ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് കൃത്യമായൊരു കൂട്ടുകെട്ട് ഉയര്‍ത്താന്‍ സാധിക്കാതെ പോയി. ബാറ്റിങ് പവര്‍പ്ലേയിലടക്കം ബോര്‍ഡിലേക്ക് കാര്യമായി റണ്‍സ് എത്താഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി മാറി. ഇംഗ്ലീഷ് സ്പിന്നര്‍മാരും പേസര്‍മാരും ചേര്‍ന്ന് പാക് ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കിയതോടെ കൃത്യമായ ഇടവേളകളില്‍ പാക് ബാറ്റിങ് നിര ഒന്നൊന്നായി കൂടാരം കയറി.

നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുത സാം കറന്‍ ഉജ്ജ്വലമായി പന്തെറിഞ്ഞു. ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ബെന്‍ സ്റ്റോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.

നാലാം ഓവറിന്റെ രണ്ടാം പന്തിലാണ് പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. ഒപ്പണര്‍ മുഹമ്മദ് റിസ്വാനെ മടക്കി സാം കറനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ആദില്‍ റഷീദ് മുഹമ്മദ് ഹാരിസിനെ മടക്കി പാകിസ്ഥാനെ സമര്‍ദ്ദത്തിലേക്ക് തള്ളിയിടാന്‍ ശ്രമം നടത്തി. റിസ്വാന്‍ 15 റണ്‍സുമായും ഹാരിസ് എട്ട് റണ്‍സുമായും മടങ്ങി.

മൂന്നാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം ഷാന്‍ മസൂദ് ചേര്‍ന്നതോടെ പാകിസ്ഥാന്‍ ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റ് 45 റണ്‍സില്‍ നഷ്ടമായ പാകിസ്ഥാന് പിന്നീട് 84ല്‍ വച്ച് ബാബറിനേയും നഷ്ടമായി. താരത്തെ സ്വന്തം പന്തില്‍ മികച്ച ക്യാച്ചിലൂടെ ആദില്‍ റഷീദാണ് മടക്കിയത്. ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കിയ നിമിഷം കൂടിയായിരുന്നു അത്. പിന്നീട് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. 28 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 32 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്.

ഷാന്‍ മസൂദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. താരം 28 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും സഹിതം 38 റണ്‍സെടുത്തു. പാക് ഇന്നിങ്സിലെ ഏക സിക്സും ഷാനിന്റെ പേരിലാണ്. 14 പന്തില്‍ 20 റണ്‍സെടുത്ത ഷദബ് ഖാനാണ് രണ്ടക്കം കടന്ന മറ്റൊരു പാക് ബാറ്റര്‍.

ഇഫ്തിഖര്‍ അഹമ്മദ് (0), മുഹമ്മദ് നവാസ് (5), മുഹമ്മദ് വസിം (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഷഹീന്‍ അഫ്രീദി (5), ഹാരിസ് റൗഫ് (1) എന്നിവര്‍ പുറത്താകാതെ നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News