ISL: ഗോവയെ കെട്ടു കെട്ടിച്ചു; ബ്ലാസ്‌റ്റേഴ്‌സിന് മിന്നും വിജയം

ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. സ്വന്തം തട്ടകമായ കൊച്ചിയില്‍ എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. സീസണില്‍ ടീം സ്വന്തമാക്കുന്ന മൂന്നാം ജയമാണിത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് കൊമ്പന്‍മാര്‍ക്കായി വല ചലിപ്പിച്ചത്.

42, 45, 52 മിനിറ്റുകളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ വന്നത്. 67ാം മിനിറ്റില്‍ നോഹ് സദോയിയാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.

പന്തടക്കത്തിലും പാസിങിലും ഗോവയ്ക്കായിരുന്നു ആധിപത്യം. പ്രതിരോധത്തില്‍ വന്‍ പിഴവുകള്‍ ബ്ലാസ്റ്റേഴ്‌സ് വരുത്തിയതോടെ ഗോവയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചു എന്നാല്‍ അതൊന്നും അവര്‍ക്ക് മുതലാക്കാന്‍ സാധിക്കാതെ പോയി.

ബ്ലാസ്റ്റേഴ്‌സിനായി 42ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തി.

42ാം മിനിറ്റില്‍ രാഹുല്‍ നല്‍കിയ ക്രോസില്‍ നിന്നാണ് ആദ്യ ഗോളിന്റെ പിറവി. ലൂണയുടെ ഹെഡ്ഡര്‍ ശ്രമം പിഴച്ചെങ്കിലും പന്ത് ലഭിച്ച സഹല്‍ നല്‍കിയ പാസ് ലൂണ അനായാസം വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണതോടെ ഗോവ ആക്രമണത്തിന് മുതിര്‍ന്നു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. ബ്ലാസ്റ്റേഴ്സ് ബോക്സില്‍ ഗോവയ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്ത ശേഷം ബ്ലാസ്റ്റേഴ്സ് നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.

ബോക്സില്‍ വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ വീഴ്ത്തിയ അന്‍വര്‍ അലിയുടെ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് 2-0ന് മുന്നിലെത്തി.

51ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്നി ഉഗ്രന്‍ ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. ബോക്സിന്റെ വലത് ഭാഗത്ത് വച്ച് പന്ത് ലഭിച്ച ദിമിത്രിയോസ് മാര്‍ക്ക് ചെയ്യപ്പെടാതെ കലിയുഷ്നിക്ക് മറിച്ചു നല്‍കി. 30 വാര അകലെ നിന്നുള്ള താരത്തിന്റെ ഇടംകാലനടി കീപ്പര്‍ ധീരജിന് ഒരവസരവും നല്‍കാതെ വലയില്‍ കയറി.

മത്സരം അവസാന മിനിറ്റുകളിലേക്ക് കടക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഗോവയുടെ ആശ്വാസ ഗോള്‍ വന്നത്. അതിനിടെ ലൂണയ്ക്ക് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ അടി ബാറിന് മുകളിലൂടെ പോയി. മൂന്നാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News