ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന് ഇന്ന് തുടക്കം | Anti-Drug Campaign

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന് ഇന്ന് തുടക്കം.ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്‌.അതേസമയം ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആവിഷ്കരിച്ച ഗോൾ ചലഞ്ചിന്‌ ബുധനാഴ്ച തുടക്കമാകും.

മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ് സർക്കാരിന്റെ ലഹരിവിരുദ്ധ രണ്ടാം ഘട്ട ക്യാമ്പയിന്‌ ഇന്ന് തുടക്കമാകുന്നത്. കൈറ്റ്‌ വിക്ടേഴ്സ്‌ ചാനൽ വഴി സന്ദേശം തത്സമയം സംപ്രേഷണം ചെയ്യും.പരിപാടി എല്ലാ സ്കൂളിലും കോളേജിലും തത്സമയം പ്രദർശിപ്പിക്കും.

അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികൾക്കായി തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവർ’ എന്ന ബോധവത്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക്‌ ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനാണ്‌ സർക്കാർ ലക്ഷ്യം.

സംസ്ഥാനത്തെ എല്ലാ ക്ലാസിലും ഇന്ന് ലഹരിവിരുദ്ധ ക്ലാസ്‌ സഭകളും ചേരും. ആദ്യഘട്ട ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കിയ കാര്യങ്ങൾ, രണ്ടാം ഘട്ട ക്യാമ്പയിനിൽ നടപ്പാക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും.ലോകകപ്പ്‌ ഫുട്ബോൾ ആവേശത്തെയും ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ആവിഷ്ക്കരിച്ച ഗോൾ ചലഞ്ചിന്‌ ബുധനാഴ്ച തുടക്കമാകും.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി ഗോളടിച്ച്‌ നിർവ്വഹിക്കും. ‌വിദ്യാലയങ്ങൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങി എല്ലായിടത്തും ഗോൾ ചലഞ്ച്‌ നടക്കും. ഒന്നാം ഘട്ടത്തിൽ ഒരു കോടിയോളം ആളുകളെ അണിനിരത്തിയ ശൃംഖലയാണ്‌ തീർത്തതെങ്കിൽ, രണ്ടാം ഘട്ടത്തിൽ രണ്ട്‌ കോടി ഗോളടിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

രണ്ടാം ഘട്ട പ്രചാരണ പരിപാടികളും വിജയിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യർത്ഥിച്ചു. പ്രചാരണത്തിനൊപ്പം എക്സൈസും പൊലീസും ശക്തമായ എൻഫോഴ്സ്‌മെന്റ്‌ നടപടികൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel