R Bindu: വയോജനപരിപാലകർക്കു യോഗ്യത നിശ്ചയിക്കാൻ നിയമം കൊണ്ടുവരും: മന്ത്രി ആർ. ബിന്ദു

നിലവാരമുള്ള ശുശ്രൂഷ വയോജനങ്ങൾക്ക് ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുമെന്ന് സാമൂഹികനീതിമന്ത്രി ഡോ. ആർ. ബിന്ദു(r bindu പറഞ്ഞു. ശാസ്ത്രീയപരിപാലനരീതികൾ അറിയാത്ത അശിക്ഷിതരായ ഹോം നഴ്സുമാരുടെ പക്കലാണു വയോജനങ്ങളുടെ ജീവിതം പലപ്പോഴും ഏല്പിക്കപ്പെടുന്നത്. ഇതു തടയാനാണു നിയമം. വയോജനപരിപാലന ചുമതലയുള്ളവരെയും ഹോം നഴ്സുമാരെയും ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന പദ്ധതി നിയമവിധേയമാക്കും.

കോഴിക്കോട് നഗരത്തിലെ മുതിർന്ന പൗരർക്കു പകലുകൾ ക്രിയാത്മകമായി ചിലവഴിക്കാൻ കോഴിക്കോട് കാരപ്പറമ്പ് വാഗ്ഭടാനന്ദമന്ദിരത്തിൽ യുഎൽസിസിഎസ് ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സർഗ്ഗവേദിയായ ‘മടിത്തട്ട്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനസംരംഭമാണ് യുഎൽസിസിഎസ് ഫൌണ്ടേഷൻ.

ഇന്നു വർദ്ധിച്ചുവരുന്ന പലതരം ബുദ്ധിക്ഷയവും ഓർമ്മക്കുറവും ബാധിച്ച വൃദ്ധജനങ്ങളുടെ പരിചരണത്തിൽ അവബോധം ഉണ്ടാക്കാൻ പരിശീലകരെ ശാസ്ത്രീയമായി തയ്യാറാക്കുന്ന ഉത്തരവാദിത്വം സാമൂഹികനീതിവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിനു മാത്രമായി ഇത് ആവില്ല. തദ്ദേശഭരണസ്ഥാപനങ്ങളും മനുഷ്യസ്നേഹപൂർവ്വം ഈ രംഗത്തു പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി പോലുള്ള സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സുമനസുകളുമൊക്കെ പങ്കാളികളാകണം.

വയോജനക്കമ്മിഷൻ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രായം ചെന്നരുടെ ആവലാതികൾ കേട്ടു പരിഹാരം കാണാനുള്ള മെയിൻ്റനൻസ് ട്രിബ്യൂണലുകൾ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്നു. വയോജനങ്ങൾക്കു മാനസികോല്ലാസം പകരാൻ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും വയോജനപ്പാർക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇൻഡ്യയിലെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദസംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ നടത്തുന്ന പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. മനുഷ്യജീവിതത്തിൻ്റെ എല്ലാ മർമ്മപ്രധാനമേഖലയിലേക്കും ആത്മവിശ്വാസത്തോടെ സ്വച്ഛന്തം കടന്നുവരാൻ പൊതുസ്വകാര്യസ്ഥാപനങ്ങളും പൊതുവിടങ്ങളുമെല്ലാം ഭിന്നശേഷിസൗഹൃദമാക്കി മാറ്റുകയാണ്. സഹായോപകരണങ്ങളും സാങ്കേതികവിദ്യകളും വ്യാപകമായി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തിവരികയാണ്.

പരിമിതികൾ മറികടക്കാനുള്ള എല്ലാ സഹായസന്നാഹങ്ങളും തെറാപ്പി സൗകര്യങ്ങളും തൊഴിൽപരിശീലനകേന്ദ്രങ്ങളും ഒക്കെയുള്ള പുനരധിവാസഗ്രാമങ്ങൾ എല്ലാ ജില്ലയിലും തുടങ്ങാൻപോകുകയാണ്. ആദ്യഘട്ടമായി നാലു ജില്ലകളിൽ തുടങ്ങും. മൂന്ന് ഏക്കറിൽ കുറയാത്ത ഇവ തീവ്രഭിന്നശേഷിവിഭാഗക്കാർക്കും ബൗദ്ധിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും കുടുംബത്തോടെ ഒന്നിച്ചു ജീവിക്കാവുന്നവയാണ്.

നിഷ്, നിപ്മർ, ഐകോൺ, ഇംഹാൻസ്, നിംഹാൻസ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഇവരുടെ പുനരധിവാസത്തിനുള്ള ശ്രമം നടത്തിവരികയാണ്. സൈക്കോതെറാപ്പി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, മ്യൂസിക് തെറാപ്പി ഒക്കെ ഇവിടങ്ങളിൽ ലഭ്യമാണ്. വെർച്വൽ റിയാലിറ്റിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും പ്രകൃതിയെയും സമൂഹത്തെയും തൊട്ടറിയാനുള്ള സെൻസറി പാർക്കുകളും ഒക്കെ ഉപയോഗിച്ചുള്ള പരിശീലനം എന്നിവയെല്ലാം ഒരുക്കി മികവുകേന്ദ്രങ്ങളാക്കി ഈ സ്ഥാപനങ്ങളെ മാറ്റുകയാണ്.

യുഎൽ ഫൗണ്ടേഷൻ പരിശീലനം നല്കിയ ഭിന്നശേഷിക്കാർക്കു തൊഴിൽ നല്കിയ സംരംഭകരെ മന്ത്രി ആദരിച്ചു. വയോജനങ്ങൾക്കു സന്തോഷവാർദ്ധക്യവും ഭിന്നശേഷിക്കാർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും സ്വയംപര്യാപ്തജിവിതവും ഉറപ്പാക്കാൻ മാതൃകാപ്രവർത്തനങ്ങൾ നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയെയും വാഗ്ഭടാനന്ദ ട്രസ്റ്റിനെയും മന്ത്രി അഭിനന്ദിച്ചു.

വയോജനങ്ങളുടെ സര്‍ഗാത്മകതയെ ശാസ്ത്രീയവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച് ഗുണപരവും സുസ്ഥിരവുമായ ജീവിതവും ശാരീരിക-മാനസിക-വൈകാരിക സുസ്ഥിതിയും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനമാണ് മടിത്തട്ട് വിഭാവനം ചെയ്യുന്നത്. മെമ്മറി ക്ലിനിക് സേവനം ലഭ്യമാണ്. കൂടാതെ യോഗ പരിശീലനം, ഫിസിയോ തെറാപ്പി യൂണിറ്റ്, വാതില്‍പ്പടി സേവനം, മൊബൈല്‍ ക്ലിനിക് എന്നിവയും സമീപഭാവിയില്‍ ഇവിടെ ആരംഭിക്കും.

ഭിന്നശേഷിക്കാരായ അഷിഖ്, ഷംന, രക്ഷിതാക്കളായ പ്രൊഫ. വിനീത, പ്രേമവല്ലി, റജി മാത്യു എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷയായി. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം.കെ. ജയരാജ് പദ്ധതി വിശദീകരിച്ചു. എം. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ. പി. രാജേഷ് കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ അഷ്‌റഫ് കാവിൽ, വാഗ്ഭടാനന്ദ ട്രസ്റ്റ് ട്രസ്റ്റി കെ. എസ്. വെങ്കിടാചലം, നായനാർ ബാലികാസദനം സെക്രട്ടറി പ്രൊഫ. സി. കെ. രവീന്ദ്രനാഥ്, മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മിലി മോനി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീസ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, മാനേജിങ് ഡയറക്ടര്‍ ഷാജു എസ്. തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News