രാഷ്ട്രീയ ജീവിതത്തിലും അഴിമതിയുടെ കളങ്കവുമായി ആരിഫ് മുഹമ്മദ് ഖാന്‍;ജെയിന്‍ ഹവാല കേസിലും പ്രതി| Arif Mohammad Khan

രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ആരിഫ് മുഹമ്മദ് ഖാന്റെ(Arif Mohammad Khan) രാഷ്ട്രീയ ജീവിതത്തില്‍(political life) അഴിമതിയുടെ കളങ്കവും ആവോളമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ജെയിന്‍ ഹവാല കേസിലും
ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് കപൂര്‍ എഴുതിയ ‘ബാഡ് മണി, ബാഡ് പൊളിറ്റിക്സ്- ദി അണ്‍ടോള്‍ഡ് ഹവാല സ്റ്റോറി’ എന്ന പുസ്തകമാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെട്ട ഹവാലയുടെ ഉള്ളറകള്‍ തുറന്ന് കാട്ടുന്നത്.

ഭാരതീയ ക്രാന്തി ദളില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം പിന്നീട് കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്പി എന്നീ പാര്‍ട്ടികളിലും അവസാനം ബിജെപിയിലുമെത്തി. 1989ല്‍ കേന്ദ്രമന്ത്രി സഭയില്‍ അംഗമായപ്പോഴാണ് കുപ്രസിദ്ധമായ ജയിന്‍ ഹവാല കേസില്‍ ഉള്‍പ്പെടുന്നത്. ജയിന്‍ ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവും ആരിഫ് മുഹമ്മദ് ഖാനാണ്. 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത്.മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് കപൂര്‍ എഴുതിയ ‘ബാഡ് മണി, ബാഡ് പൊളിറ്റിക്സ്– ദി അണ്‍ടോള്‍ഡ് ഹവാല സ്റ്റോറി’ എന്ന പുസ്തകം അഴിമതിയുടെ ഉള്ളറകള്‍ തുറക്കുന്നതാണ്. കേസ് അന്വേഷണത്തിനിടെ സിബിഐ ജയിനില്‍നിന്ന് പിടിച്ചെടുത്ത രണ്ടു ഡയറിയിലും ഒരു നോട്ടുബുക്കിലുമായി രാഷ്ട്രീയ പാര്‍ട്ടികള്‍, രാഷ്ട്രീയ നേതാക്കള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബിസിനസ് പങ്കാളികളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി ഹവാല പണം കൈപ്പറ്റിയ 115 ആളുകളുടെ പേരാണുണ്ടായിരുന്നത്. ഇതില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആളായാണ് ആരിഫ് മുഹമ്മദ് ഖാനെ വിശേഷിപ്പിക്കുന്നത്.

മുഖ്യപ്രതിയായ സുരേന്ദര്‍ ജയിനിന്റെ കുറ്റസമ്മത മൊഴിയിലും സിബിഐ കുറ്റപത്രത്തിലും ആരിഫ് മുഹമ്മദ് ഖാന്റെ പങ്ക് എടുത്ത് പറയുന്നുണ്ട്. 1991 ഏപ്രിലില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അഷ്റഫ് അഹമ്മദ് ലോണില്‍നിന്ന് 16 ലക്ഷം രൂപയും ബാങ്ക് ഡ്രാഫ്റ്റുകളും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദര്‍ ജയിനിനെ പിടികൂടുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഹവാല ഇടപാട് പുറത്തുവരുന്നതും. സിബിഐ അന്വേഷണം ശക്തമാക്കിയതിനു പിന്നാലെ പണം വാങ്ങിയതിന് തെളിവ് ലഭിച്ചവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയക്കാനും റെയ്ഡുകള്‍ നടത്താനും തുടങ്ങി.

കേന്ദ്രമന്ത്രിയായിരുന്ന മാധവ് റാവു സിന്ധ്യ, ബിജെപി നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു. ഹവാല ഇടപാടില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരും പിടിയിലാകുമെന്ന പ്രതീതിയുണ്ടായെന്നു പറഞ്ഞാണ് പുസ്തകത്തിന്റെ ഒമ്പതാം അധ്യായമായ ദി വീപ്പ് അവസാനിക്കുന്നത്. പത്താം അധ്യായമായ ആക്ഷന്‍ തുടങ്ങുന്നത് ആരിഫ് മുഹമ്മദ് ഖാനില്‍ ഉടലെടുത്ത ഭയം തുറന്നു കാണിച്ചാണ്. റെയ്ഡുകളില്‍ ഭയചകിതനായ അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമായ തന്റെ പഴയ സഹപ്രവര്‍ത്തകന്‍ വി സി ശുക്ലയോട് കേസിനെക്കുറിച്ച് ചോദിച്ചു. എന്നാല്‍, ആരും രക്ഷയ്ക്ക് എത്തില്ലെന്ന് സംശയം തോന്നിയ ആരിഫ് ആള്‍ദൈവം ചന്ദ്രസ്വാമി തനിക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് കേസെന്ന് ആരോപിച്ചു. പ്രധാനമന്ത്രി നരസിംഹ റാവുമായി അടുത്ത ബന്ധമുള്ള ചന്ദ്രസ്വാമി തനിക്കെതിരെ നീക്കങ്ങള്‍ നടത്തുകയാണെന്നും വിശ്വസിച്ചു. ഹവാല അഴിമതിയുടെ ഭാഗമാണ് അന്വേഷണമെന്ന് ഒരിക്കല്‍പ്പോലും സമ്മതിക്കാന്‍ തയ്യാറായില്ല.

വി പി സിങ് മന്ത്രിസഭയില്‍ കേന്ദ്ര ഊര്‍ജ- വ്യോമയാന മന്ത്രിയായിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഹവാല ഇടപാടിന് കളമൊരുക്കിയതെന്നതടക്കമുള്ള വിവരങ്ങളാണ് ഡയറിയില്‍ ഉളളത്.1988 മെയ് മുതല്‍ 1991 ഏപ്രില്‍വരെ 7.62 കോടി ആരിഫ് മുഹമ്മദ് ഖാന് നല്‍കിയിട്ടുണ്ടെന്നും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.മന്ത്രിയായും ജനപ്രതിനിധിയായും പ്രവര്‍ത്തിക്കുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തി പണം സമ്പാദിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ് സഞ്ജയ് കപൂറിന്റെ പുസ്തകം. തെളിവുകള്‍ ഉണ്ടായിട്ടും ഉന്നത ഇടപെടലുകളെത്തുടര്‍ന്ന് കേസ് അട്ടിമറിക്കപ്പെട്ടു. ഡയറിക്കുറിപ്പുകള്‍ തെളിവായി പരിഗണിക്കില്ലെന്ന കോടതി നിലപാടാണ് ഹവാല ഇടപാടുകാര്‍ക്ക് തുണയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News