വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ല:എം വി ഗോവിന്ദന്‍ മാസ്റ്റര്‍| MV Govindan Master

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master).

ഉത്തരേന്ത്യന്‍ മാതൃകയില്‍ ആര്‍ എസ് എസും ബിജെപിയും നടപ്പിലാക്കുന്ന കാവിവല്‍ക്കരണം കേരളത്തിലും നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണ് കൂട്ടായ്മയിലൂടെ വ്യക്തമാകുന്നതെന്നും ഗോവിന്ദന്‍മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം:സീതാറാം യെച്ചൂരി

രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനും കേന്ദ്രം ശ്രമിക്കുന്നു. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ്. രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറിയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവന്‍ മാര്‍ച്ച്(Raj Bhavan March) സംഘടിപ്പിച്ചത്. സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പ്രതിഷേധത്തില്‍ അണിനിരന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here