K Sudhakaran:സുധാകരന്റെ പ്രസ്താവനയെ ഗൗരവത്തോടെ കാണുന്നു;കെ സുധാകരനെതിരെ വി ഡി സതീശന്‍| VD Satheesan

(K Sudhakaran)കെ സുധാകരന്റെ ആവര്‍ത്തിച്ചുള്ള ആര്‍ എസ് എസ് അനുകൂല പ്രസ്താവന വളരെ ഗൗരവമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(VD Satheesan). പ്രസ്താവനയെക്കുറിച്ച് സുധാകരനോട് തന്നെ ചോദിക്കണമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

കെ പി സി സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നിരവധി തവണ സുധാകരന്‍ ആര്‍എസ്എസ് അനുകൂല നിലപാടെടുത്തിരുന്നു. എന്നാല്‍ അന്നൊന്നുമില്ലാത്ത കടുത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ എത്തിയിരിക്കുന്നത്. നെഹ്‌റുവിനെ ആര്‍ എസ് എസ് പാളയത്തില്‍ എത്തിക്കാനുള്ള സുധാകരന്റെ ശ്രമം യു ഡി എഫില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നു. ആവര്‍ത്തിച്ചുള്ള സുധാകരന്റെ പ്രസ്താവനകളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

കെ. സുധാകരന്‍ ബി ജെ പിയോടുള്ള ഇഷ്ടം തുറന്നുപറയുമ്പോള്‍ ഒട്ടും വൈകാതെ അതേ തീവ്രതയില്‍ തിരിച്ചും ഇഷ്ടമറിയിക്കുകയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരന്റെ മനസ് ബിജെപി ക്ക് ഒപ്പം തന്നെയെന്ന് ഉറപ്പിച്ച് പറയുന്ന സുരേന്ദ്രന്‍ ഇതേ അഭിപ്രായം കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ക്കും ഉണ്ടെന്നുകൂടി പറയുന്നു. കേരളത്തില്‍ ഓഫറുകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ഇപ്പോള്‍ എത്താത്തത് എന്നാണ് സുരേന്ദ്രന്റെ നിരീക്ഷണം. അതായത് ദേശീയതലത്തിലെ നീക്കങ്ങള്‍ക്ക് സമാനമായ ഓപ്പറേഷനുകള്‍ക്ക് ചെറിയൊരു അവസരം കിട്ടിയാല്‍ അത് നടപ്പാക്കും എന്ന് തന്നെയാണ് സുരേന്ദ്രന്‍ സൂചിപ്പിക്കുന്നത്. 35 സീറ്റുകള്‍ കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞതിന്റെ പൊരുളും ഇത് തന്നെ.

സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടിനെ വിമര്‍ശിച്ച മുസ്ലീം ലീഗിനെ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന ചോദ്യവുമായാണ് സുരേന്ദ്രന്‍ നേരിടുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കാത്ത ഈ ചോദ്യം സുരേന്ദ്രന്‍ ചോദിക്കുന്നതിലെ അപകടവും കാണാതെ പോകാനാവില്ല. കെ. സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേക്ക് പോകാന്‍ ശ്രമിക്കുന്നു എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. സുധാകരനും സുരേന്ദ്രനും പറഞ്ഞുപറഞ്ഞ് ഒരേ നിലപാടിലേക്കെത്തുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസും യു ഡി എഫ് ഘടകകക്ഷികളും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News